ലക്നൗ: ഡോക്ടര്‍ കഫീല്‍ ഖാന്‍റെ അമ്മാവന്‍ വെടിയേറ്റ് മരിച്ചു. നസ്റുള്ള അഹമ്മദ് വാര്‍സിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ അജ്ഞാതരുടെ വെടിയേറ്റാണ് വീടിനുള്ളില്‍ വച്ച് നസ്റുള്ള മരിച്ചത്. ഗൊരഖ്പൂരിലെ ബങ്കത് ചുക്കിലാണ് സംഭവം നടന്നത്.

അ‍ജ്ഞാതരായ ഒരു സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് തൊട്ടുമുമ്പ് പണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തര്‍ക്കം നടന്നതായും സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. 

നസറുള്ളയുടെ കുടുംബം നല്‍കിയ പരാതിയില്‍ അനില്‍ സൊങ്കാര്‍, ഇമാമുദ്ദീന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൊലീസ് ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.