കൊല്ലം:  ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പെന്ന്  പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ. പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കേസിന് ആവശ്യമായ തെളിവുകൾ കിട്ടി.  വിഷപല്ല് ഉൾപ്പടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം ജിർണിച്ച അവസ്ഥയിൽ ആയിരുന്നു എന്നും ഡോക്ടർമാർ പറഞ്ഞു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്‍റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് സംസ്ഥാനത്ത് ആദ്യമായി, കൊലപാതകം തെളിയിക്കാൻ പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടം  നടത്തിയത്.

ഉത്രയെ കടിച്ച കരിമൂര്‍ഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു . ഇതിനെയാണ് ഇപ്പോള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത് . ചിത്രങ്ങളില്‍ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചു. പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. 

ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്.  പാമ്പിന്‍റെ നീളം , പല്ലുകളുടെ അകലം എന്നിവയും പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടത്തില്‍ പരിശോധനാവിധേയമാക്കി. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്. 

Read Also: ഉത്രയുടെ മകൻ അമ്മവീട്ടിലേക്ക്: സൂരജിൻ്റെ വീട്ടിൽ നിന്നും പൊലീസ് കുഞ്ഞിനെ കൊണ്ടു പോയി...

അതേസമയം,പാമ്പിനെക്കൊണ്ട് മുറിയില്‍ ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. ഇതിനായി ഫോറൻസിക് വിഭാഗം  വീട് പരിശോധിക്കും. ഫോറൻസിക് വിഭാഗത്തെ കൂടാതെ വെറ്ററിനറി വിഭാഗം, വനം പൊലീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത് . ഇതിനിടെ സൂരജിന്‍റെ രണ്ട് സുഹൃത്തുക്കളെ കൂടി ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. സൂരജിനേയും സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനേയും നാളെ അടൂരിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

ഉത്രയുടെ ലക്ഷ കണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ്  റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നത്. കൊലപാതകത്തിന് സഹായം നൽകിയതില്‍ മുഖ്യപങ്ക് പാമ്പാട്ടിക്കെന്നും റിപ്പോർട്ടില്‍ പറയുന്നു. ഫെബ്രവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടർന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഫോണിലൂടെ പഠിച്ചു. 17000 രൂപ നല്‍കിയാണ് സുരേഷില്‍ നിന്ന് സൂരജ് രണ്ട് പാമ്പുകളെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

Read Also: ഉത്രയുടെ കൊലപാതകം: സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടി നടത്തിയതെന്ന് റിമാന്‍റ് റിപ്പോർട്ട്...