Asianet News MalayalamAsianet News Malayalam

വൃദ്ധ ദമ്പതികളെ അബോധാവസ്ഥയിലാക്കി വീട്ടുജോലിക്കാര്‍ കവര്‍ന്നത് ഒന്നര കോടിയുടെ ആഭരണങ്ങളും 35 ലക്ഷം രൂപയും കാറും

വീട്ടുജോലിക്കാര്‍ വിളമ്പിയ ഭക്ഷണം കഴിച്ചു. ഇതോടെ ദമ്പതികള്‍ അബോധാവസ്ഥയിലായി

Domestic Helps Drug Gurugram Elderly Couple Flee With Jewellery, Cash, Car
Author
First Published Oct 29, 2023, 12:26 PM IST

ഗുരുഗ്രാം: വീട്ടുജോലിക്കാര്‍ പ്രായമായ ദമ്പതികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കവര്‍ച്ച നടത്തിയെന്ന് പരാതി. ഒന്നര കോടി രൂപയുടെ ആഭരണങ്ങളും 35 ലക്ഷം രൂപയും കാറും മോഷ്ടിച്ചെന്നാണ് പരാതി. നേപ്പാൾ സ്വദേശികളായ വീരേന്ദ്ര, യശോദ എന്നിവര്‍ക്കെതിരെ കേസെടുത്തു. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 1ലാണ് സംഭവം.

മാതാപിതാക്കള്‍ വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് മോഷണം നടന്നതെന്ന് മകന്‍ അചല്‍ ഗാര്‍ഗ് നല്‍കിയ പരാതിയില്‍ പറയുന്നു. ദില്ലിയില്‍ വ്യവസായിയാണ് അചല്‍. താന്‍ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം വ്യാഴാഴ്ച ജയ്പൂരില്‍ പോയപ്പോഴാണ് വീട്ടുജോലിക്കാര്‍ കവര്‍ച്ച നടത്തിയതെന്ന് അചല്‍ പറഞ്ഞു. സഹോദരി നികിതയാണ് മാതാപിതാക്കളെ ബോധം കെടുത്തി വീട്ടുജോലിക്കാര്‍ കവര്‍ച്ച നടത്തിയ സംഭവം തന്നെ അറിയിച്ചതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച രാത്രി വീട്ടുജോലിക്കാര്‍ വിളമ്പിയ ഭക്ഷണം കഴിച്ചു. ഇതോടെ അബോധാവസ്ഥയിലായെന്ന് അചലിന്‍റെ പിതാവ് പറഞ്ഞു. വീരേന്ദ്ര രണ്ടാഴ്ച മുന്‍പും യശോദ ഒരാഴ്ച മുന്‍പുമാണ് ജോലിക്കെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിഎല്‍എഫ് ഫേസ് 1 പൊലീസ് കേസെടുത്തു. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

രോഗിയായ അമ്മയെ നിരന്തരം മർദിച്ച് അഭിഭാഷകനായ മകനും മരുമകളും കൊച്ചുമകനും, ക്രൂരത സിസിടിവിയിൽ പതിഞ്ഞു, അറസ്റ്റ്

ദമ്പതികളുടെ ബോധം നഷ്ടമായതോടെ വേറെ രണ്ട് പേരുടെ സഹായത്തോടെയാണ് വീട്ടുജോലിക്കാര്‍ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിച്ച് പൂട്ടിയിരുന്ന അലമാര അടിച്ച് തകർത്താണ് മോഷണം നടത്തിയത്. കവർച്ച ചെയ്ത ആഭരണങ്ങളും പണവുമായി സംഘം പുറത്തുനിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിലാണ് മുങ്ങിയത്.

പ്രതികളെ പിടികൂടാൻ തെരച്ചില്‍ നടത്തുകയാണെന്ന് ഈസ്റ്റ് ഗുരുഗ്രാം ഡിസിപി മായങ്ക് ഗുപ്ത പറഞ്ഞു. പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വൈകാതെ അവരെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios