യാത്രയ്ക്കിടെ എറണാകുളം പത്തടിപ്പാലത്തിനു സമീപത്തെ പെട്രോള്‍ പമ്പിലെ പാര്‍ക്കിങ് സ്ഥലത്ത് വാന്‍ കുറച്ചു ദിവസം നിര്‍ത്തിയിട്ടിരുന്നു.അവിടെ വെച്ച് ഷാഫി മറ്റൊരു പേരു പറഞ്ഞ് സൗഹൃദം സ്ഥാപിക്കാനെത്തിയെന്ന് യുവാവ്

നരബലി കേസിലെ മുഖ്യ പ്രതി ഷാഫി സൗഹൃദം സ്ഥാപിച്ച് ലോഡ്ജിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തലുമായി കൊല്ലം സ്വദേശിയായ അബിൻ ഷാ.രണ്ട് മാസം മുന്പ് വാനില്‍ തനിച്ച് ഇന്ത്യ ചുറ്റാന്‍ ഇറങ്ങിയപ്പോൾ , എറണാകുളത്ത് വച്ചാണ് ഷാഫിയെ പരിചയപ്പെട്ടത്. ലോഡ്ജില്‍ താമസവും ഭക്ഷണവും, സ്ത്രീകളെയും ഷാഫി വാഗ്ദാനം ചെയ്തെന്നും അബിന്‍ ഷാ പറയുന്നു. ഭയം തോന്നിയതോടെ ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

വാനില്‍ തന്നെ കിടന്നുറങ്ങിയും വഴിയരികില്‍ വസ്ത്രം വില്‍പ്പന നടത്തിയുമാണ് കൊല്ലം സ്വദേശി അബിന്‍ ഷായുടെ ഒറ്റയ്ക്കുള്ള ഇന്ത്യ ചുറ്റല്‍. യാത്രയ്ക്കിടെ എറണാകുളം പത്തടിപ്പാലത്തിനു സമീപത്തെ പെട്രോള്‍ പമ്പിലെ പാര്‍ക്കിങ് സ്ഥലത്ത് വാന്‍ കുറച്ചു ദിവസം നിര്‍ത്തിയിട്ടിരുന്നു. അവിടെ വെച്ച് ഷാഫി മറ്റൊരു പേരു പറഞ്ഞ് സൗഹൃദം സ്ഥാപിക്കാനെത്തിയെന്ന് യുവാവ് പറയുന്നു.ഒറ്റയ്ക്കാണെന്ന് മനസിലായതോടെ കൂടുതല്‍ അടുപ്പം കാണിച്ചു. ലോഡ്ജും ഭക്ഷണവും ആവശ്യമെങ്കിലും സ്ത്രീകളും ഉണ്ടെന്ന് പറഞ്ഞായിരുന്നു ക്ഷണം.

എന്നാല്‍ പന്തിയല്ലെന്ന് കണ്ടതോടെ അവിടെ നിന്നും രക്ഷപ്പെട്ടു.വാര്‍ത്തകളും ഫോട്ടോയും മറ്റും കണ്ടപ്പോഴാണ് അന്ന് വന്നത് ഷാഫിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് യുവാവ് പറയുന്നു. ബസിലെ ഡ്രൈവര്‍ പണിക്കൊപ്പം ലോഡ്ജും ഹോട്ടല്‍ ബിസിനസും ഉണ്ടെന്നും അയാള്‍ പറഞ്ഞിരുന്നെന്ന് യുവാവ് ഓര്‍ക്കുന്നു. ഇപ്പോള്‍ തമിഴ്നാട്ടിലൂടെയാണ് അബിന്‍ഷായുടെ യാത്ര.

ഇലന്തൂർ ഇരട്ട നരബലിക്കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്തോറും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇരട്ടക്കൊലപാതകത്തിന് മുമ്പ് മറ്റൊരു കൊലപാതകം എറണാകുളത്ത് നടത്തിയിരുന്നതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് കേസിലെ മറ്റൊരു പ്രതിയായ ലൈല പൊലീസിനോട് വെളിപ്പെടുത്തി. ഇലന്തൂർ നരബലിയ്ക്ക് മുമ്പ് പ്രതികൾ കാളീപൂജ നടത്തിയതായും വ്യക്തമായിട്ടുണ്ട്. ഇരട്ട നരബലിക്കേസിൽ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുൻകാല ചെയ്തികൾ സംബന്ധിച്ച് ലൈല വെളിപ്പെടുത്തിയത്. ഇലന്തൂരെ വീടിന്‍റെ തിണ്ണയിലിരുന്ന് നരബലിയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു ഇതെന്നും കൊലപ്പെടുത്തിയശേഷം മനുഷ്യമാസം വിറ്റെന്നും നല്ല കാശ് കിട്ടിയെന്നും ഷാഫി പറഞ്ഞു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും ലൈല പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.