സംഭവത്തിൽ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി. പൊലീസ് മൊഴിയെടുത്തെങ്കിലും തുട‍ർനപടികൾ വൈകിക്കുന്നെന്നാണ് ആക്ഷേപം. ഓട്ടോറിക്ഷാ തൊഴിലാളികൾ ഇന്ന് വൈകുന്നരം പത്താം മയിലിൽ പ്രകടനം നടത്തി 

കൊച്ചി: വീടിന് മുന്നിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തതിന് ഡ്രൈവറെ പൊലീസുകാരന്‍ ( police officer ) മര്‍ദ്ദിച്ചു. മർ‍ദ്ദനത്തിനിരയായ പുത്തൻകുരിശ് പത്താംമൈൽ സ്വദേശിയായ മുരളീകൃഷ്ണന്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഓട്ടോ ഡ്രൈവറെ പൊലീസുകാരന്‍ മര്‍ദ്ദിച്ചത്. യാത്രയ്ക്കിടെ മുരളീകൃഷ്ണന്‍റെ ഓട്ടോറിക്ഷ കേടായതിനെ തുടര്‍ന്ന് സമീപത്തുകണ്ട വീടിനടുത്തേക്ക് വാഹനം നീക്കിയിടുകയായിരുന്നു. തുടര്‍ന്ന് വര്‍ക്ക്ഷോപ്പില്‍ പോകാൻ ഒരുങ്ങിയപ്പോഴാണ് പട്ടിമറ്റം സ്റ്റേഷനിലെ പൊലീസുകാരൻ എത്തിയത്. തന്‍റെ വീടിന്‍റെ വാതിലിന് സമീപം ഓ‍ട്ടോ പാർക്ക് ചെയ്തതിനെച്ചൊല്ലി പൊലീസുകാരന്‍ മുരളീകൃഷ്ണനുമായി തർക്കിച്ചു.

ഒടുവിൽ പൊലീസുകാരൻ മുരളീകൃഷണന്‍റെ മുഖത്തടിയ്ക്കുകയായിരുന്നു. കണ്ണിന് ഗുരതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആദ്യം വടവുകോടും, പിന്നീട് തൃപ്പൂണിത്തുറയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സയ്ക്ക് എത്തിച്ചു. തുടർന്ന് കണ്ണിന്‍റെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി. പൊലീസ് മൊഴിയെടുത്തെങ്കിലും തുട‍ർനപടികൾ വൈകിക്കുന്നെന്നാണ് ആക്ഷേപം. ഓട്ടോറിക്ഷാ തൊഴിലാളികൾ ഇന്ന് വൈകുന്നേരം പത്താം മയിലിൽ പ്രകടനം നടത്തി.