സമ്മാന പൊതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ബെംഗലൂരുവിൽ നിന്ന് കൊറിയര്‍ വഴിയാണ് ലഹരിമരുന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മിഠായി രൂപത്തിലുള്ള ലഹരിമരുന്ന് (drugs) പിടികൂടി. വീര്യം കൂടിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ച്യൂയിംഗത്തിന്‍റെയും ചോക്ലേറ്റിന്‍റെയും രൂപത്തിലായിരുന്നു ലഹരിമരുന്ന്. സമ്മാന പൊതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.

നർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ 244 ഗ്രാം ആംഫെറ്റമിൻ, 25 എൽഎസ്‍ഡി സ്റ്റാമ്പ്, രണ്ട് ഗ്രാം മെതാക്വലോൺ എന്നിവ പിടിച്ചെടുത്തു. ബെംഗലൂരുവിൽ നിന്ന് കൊറിയര്‍ വഴിയാണ് ലഹരിമരുന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. കൊറിയർ സ്വീകരിക്കേണ്ട തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തെന്ന് എൻസിബി ചെന്നൈ വിഭാഗം അറിയിച്ചു.

അതിനിടെ, കാസര്‍കോട് നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ടയും നടന്നു. ലോറിയില്‍ കടത്തുകയായിരുന്ന 1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് പിടികൂടിയത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കടത്ത് പിടികൂടിയത്. ഗോവയില്‍ നിന്ന് തൃശൂരിലേക്ക് പെയിന്‍റുമായി പോവുകയായിരുന്ന ലോറിയില്‍ ഒളിപ്പിച്ചാണ് സ്പിരിറ്റും മദ്യവും കടത്തിയത്. ലോറി ഡ്രൈവര്‍ മ‍ഞ്ചേരി സ്വദേശി സൈനുദ്ദീനെ കസ്റ്റഡിയില്‍ എടുത്തു.