ഹൈദരാബാദ്: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് വനിതാ പൊലീസുകാരെ മർദ്ദിച്ച യുവതിക്കെതിരെ കേസ്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. യുവതി പൊലീസുകാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.

ജഹീറാ​ഗ് റോഡിന് സമീപം സഹേറ ന​ഗറിൽ അബോധാവസ്ഥയിൽ അർധന​ഗ്നയായി കിടക്കുകയായിരുന്ന യുവതിയെ വനിതാ പൊലീസുകാർ ചേർന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 12.30ന് സ്റ്റേഷനിലേക്ക് വന്ന ഫോൺ കോളിന്റെ പശ്ചാത്തലത്തിലാണ് വനിതാ എസ്ഐയും സംഘവും സഹേറ ന​ഗറിൽ എത്തിയത്. ഇവിടെ വച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പൊലീസുകാർ ചേർന്ന് പിടിച്ചുവയ്ക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ യുവതി വനിതാ പൊലീസുകാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തുടർന്ന് ബലംപ്രയോഗിച്ച് യുവതിയെ പൊലീസുകാർ ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

സ്റ്റേഷനിൽ വച്ച് വസ്ത്രങ്ങൾ‌ അഴിക്കാൻ‌ ശ്രമിച്ച യുവതിയെ പൊലീസുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് വനിതാ പൊലീസ് കോൺസ്റ്റബിളിനെ യുവതി ക്രൂരമായി മർദ്ദിച്ചത്. കോൺസ്റ്റബിളിനെ മർദ്ദിക്കുന്നതിനിടെ നിയന്ത്രണം വിട്ട യുവതി തറയിലേക്ക് വീഴുന്നതും പുറത്തുവന്ന് വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു. പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

"

നാഗാലാൻഡ് സ്വദേശിനിയായ യുവതി ഹൈദരാബാദിലെ ഒരു സോഫ്റ്റ്‍വെയർ കമ്പനിയിലെ ജീവനക്കാരിയാണ്. സംഭവത്തിന് ശേഷം രണ്ടുമണിക്കൂർ കഴിഞ്ഞ് മദ്യലഹരിയിൽ നിന്ന് മുക്തി നേടിയ യുവതിയിൽ നിന്ന് പൊലീസ് വിവരങ്ങൾ‌ ശേഖരിച്ചു. തുടർന്ന് ഹൈദരാബാദിലുള്ള യുവതിയുടെ ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വിവിധ വകുപ്പുകളിലായി യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി യുവതിയെ പൊലീസ് ബന്ധുക്കൾക്ക് കൈമാറിയതായി ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷൻ‌ എസ്ഐ കലിം​ഗ റാവു പറഞ്ഞു.