ഇടുക്കി: മുരിക്കാശ്ശേരിയിൽ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ഓട്ടോഡ്രൈവർ ഓടിരക്ഷപ്പെട്ടു. രഹസ്യവിവരത്തെത്തുടർന്ന് തങ്കമണി എക്സൈസ് സംഘം മുരിക്കാശ്ശേരിയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്. 

മുരിക്കാശ്ശേരി സ്വദേശി ജോർലിയാണ് ഓട്ടോയിൽ മദ്യം കടത്താൻ ശ്രമിച്ചത്. എക്സൈസ് സംഘത്തെ കണ്ടയുടനെ ഇയാൾ ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. 100 കുപ്പികളിലായി 50 ലിറ്റർ മദ്യമാണ് ഉണ്ടായിരുന്നത്. ഓണത്തിന് മുന്നോടിയായി മേഖലയിൽ വ്യാജമദ്യ നിർമ്മാണം പൊടിപൊടുക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കഞ്ഞിക്കുഴി, മുരിക്കാശ്ശേരി , കീരിത്തോട് മേഖലയിൽ നിന്നായി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്നുപേർ അറസ്റ്റിലാവുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്നും മദ്യമെത്താൻ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സ് നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ ചെക്പോസ്റ്റുകളിലെ പരിശോധനയും രാത്രികാല പെട്രോളിങ്ങും ശക്തമാക്കിയിരിക്കുകയാണ് എക്സൈസ്.