ന്യൂയോര്‍ക്ക്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനെത്തിച്ച സ്വര്‍ണമാണ് സംഘം വെറും മൂന്ന് മിനിറ്റിനുള്ളില്‍ തട്ടിയെടുത്തത്. സ്വര്‍ണം വിമാനത്താവളത്തിലേക്ക് എത്തിക്കാന്‍ ഏല്‍പ്പിച്ച കമ്പനിയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. 

സാവോപോളോ: ബ്രസീലിനെ ഞെട്ടിച്ച് യുവാക്കളുടെ വന്‍ കവര്‍ച്ച. പ്രധാന നഗരമായ സാവോപോളോയിലെ വിമാനത്താവളത്തില്‍ നിന്നാണ് 720 കിലോ സ്വര്‍ണം എട്ടംഗ സംഘം വെറും മൂന്ന് മിനിറ്റിനുള്ളില്‍ തട്ടിയെടുത്ത് സ്ഥലം വിട്ടത്. 200 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് ഇവര്‍ വിമാനത്താവളത്തില്‍നിന്ന് കടത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

പൊലീസ് വേഷത്തില്‍ രണ്ട് വാഹനങ്ങളിലായി സംഘത്തിലെ നാല് പേര്‍ വിമാനത്താവളത്തില്‍ എത്തി. തുടര്‍ന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. വിമാനത്താവളത്തിലെ ജീവനക്കാരും ഇവര്‍ യഥാര്‍ത്ഥ പൊലീസാണെന്ന് തെറ്റിദ്ധരിച്ചു. മുഖത്തിന്‍റെ ചില ഭാഗങ്ങള്‍ മറച്ചതിനാല്‍ ഇവരെ തിരിച്ചറിയാനും സാധിച്ചില്ല. 

ഇവരുടെ നിര്‍ദേശമനുസരിച്ച് ജീവനക്കാര്‍ സ്വര്‍ണക്കട്ടികള്‍ നിറച്ച കാര്‍ഗോ കൊള്ളസംഘം കൊണ്ടുവന്ന ട്രക്കിലേക്ക് മാറ്റി. നാലുപേരില്‍ ഒരാളുടെ കൈയില്‍ തോക്കുണ്ടായിരുന്നു. വിമാനത്താവള ജീവനക്കാരിലെ രണ്ടുപേരെ ഇവര്‍ ബന്ദിയാക്കിയാണ് കവര്‍ച്ച നടത്തിയത്.ന്യൂയോര്‍ക്ക്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനെത്തിച്ച സ്വര്‍ണമാണ് സംഘം വെറും മൂന്ന് മിനിറ്റിനുള്ളില്‍ തട്ടിയെടുത്തത്.

സ്വര്‍ണം വിമാനത്താവളത്തിലേക്ക് എത്തിക്കാന്‍ ഏല്‍പ്പിച്ച കമ്പനിയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച്, വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥരെപ്പോലും കബളിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മോഷണം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സാവോപോളോ പൊലീസ് അറിയിച്ചു. മുമ്പും ബ്രസീലില്‍ വന്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ട്.