കാറിലുണ്ടായിരുന്ന ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികളെന്ന് എകസൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ രണ്ടു കേസുകളിലായി രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ എക്സൈസ് പിടികൂടി. നിലമ്പൂരിലേക്ക് മരക്കച്ചവടത്തിന് കൊണ്ടുപോകുന്നതെന്ന വ്യാജേന രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപയുമായി മൂന്നുപേരാണ് ആദ്യം മുത്തങ്ങയില്‍ പിടിയിലായത്. കര്‍ണാടക മാണ്ഡ്യ സ്വദേശികളായ എസ്. ദീപക് കുമാര്‍ (37), ബസവ രാജു (45), ബി.ബി. രവി (45) എന്നിവരാണ് പണവുമായി എക്സൈസ് സംഘത്തിന്‍റെ പരിശോധനയ്ക്കിടെ പിടിയിലായത്. 

വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികളെന്ന് എകസൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘം പണം കടത്താനുപയോഗിച്ച കെ.എ 21 പി 0370 മാരുതി വാഗണര്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണംകടത്ത് സംഘാംഗങ്ങള്‍ പിടിയിലായത്.

ഉച്ചക്ക് ശേഷം മറ്റൊരു കേസില്‍ ഒമ്പത് ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളും മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പിടിയിലായി. കോഴിക്കോട് സ്വദേശി സബീര്‍, കണ്ണൂര്‍ സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാനത്തെ കച്ചവടവുമായി ബന്ധപ്പെട്ട പണം നാട്ടിലെ വിവാഹ ആവശ്യങ്ങള്‍ക്ക് കൊണ്ടുവരികയാണെന്നാണ് ഇവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ പണത്തിന് രേഖകള്‍ കാണിക്കാന്‍ ഇവര്‍ക്കായില്ല. 

രണ്ട് കേസുകളും കൂടുതല്‍ പരിശോധനകള്‍ക്കായി എക്സൈസ് സുല്‍ത്താന്‍ബത്തേരി പോലീസിന് കൈമാറി. സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.വി. വിജയകുമാര്‍, എം.ബി. ഹരിദാസന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഇ. ചാള്‍സ് കുട്ടി, എം.വി. നിഷാദ്, കെ.എം. സിത്താര, എം. അനിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Read More : ക്ഷേത്രങ്ങളിലെ പൂജാവിളക്കും, മണിയും, ക്ലോക്കും പിന്നെ പണവും ലക്ഷ്യം; സ്ഥിരം കള്ളനെ ഒടുവില്‍ പൊക്കി