Asianet News MalayalamAsianet News Malayalam

ഗോവയില്‍ നിന്ന് പെയിന്‍റുമായി വന്ന ലോറിയില്‍ സ്‍പിരിറ്റ്; ഡ്രൈവര്‍ അറസ്റ്റില്‍

ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ലോറി. 

Excise seized a lorry in nileshwaram carrying spirit
Author
Nileshwar, First Published Nov 21, 2021, 9:00 PM IST

നീലേശ്വരം: കാസര്‍കോട് നീലേശ്വരത്ത് (Nileshwaram) ലോറിയില്‍ കടത്തുകയായിരുന്ന 1800 ല്‍ അധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടി. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കടത്ത് പിടികൂടിയത്. ലോറി ഡ്രൈവര്‍ അറസ്റ്റിലായി.1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് ലോറിയില്‍ നിന്ന് പിടികൂടിയത്. ഗോവയില്‍ നിന്ന് തൃശ്ശൂരിലേക്ക് പെയിന്‍റുമായി പോവുകയായിരുന്നു ലോറി. പെയിന്‍റ് പാത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും.

ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ലോറി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്പിരിറ്റും മദ്യവും കടത്തുന്നതിന് ഗോവയില്‍ സഹായിച്ചവരെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് എക്സൈസിന്‍റെ തീരുമാനം. തൃശ്ശൂരിലെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കും. ഇതിന് മുമ്പും ഇത്തരത്തില്‍ കടത്തിയിട്ടുണ്ടോ എന്നുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

അതേസമയം മിഠായി രൂപത്തിലുള്ള ലഹരിമരുന്ന് തിരുവനന്തപരുത്ത് നിന്ന് പിടികൂടി. വീര്യം കൂടിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ച്യൂയിംഗത്തിന്‍റെയും ചോക്‍ലേറ്റിന്‍റെയും രൂപത്തിലായിരുന്നു ലഹരിമരുന്ന്. സമ്മാന പൊതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. നർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ 244 ഗ്രാം ആംഫെറ്റമിൻ, 25 എൽഎസ്‍ഡി സ്റ്റാമ്പ്, രണ്ടുഗ്രാം മെതാക്വലോൺ എന്നിവ പിടിച്ചെടുത്തു. ബെഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊറിയറായാണ് ലഹരിമരുന്ന് എത്തിയത്. കൊറിയർ സ്വീകരിക്കേണ്ട തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തെന്ന് എൻസിബി ചെന്നൈ വിഭാഗം അറിയിച്ചു.

Follow Us:
Download App:
  • android
  • ios