കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം ശരിയായ ദിശയിലെന്ന് എസ്പി കെജി സൈമൺ. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും പിടിക്കപ്പെടുമെന്ന് ജോളി തീരെ പ്രതീക്ഷിച്ചില്ലെന്നും വടകര റൂറല്‍ എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പറ്റിപ്പോയി എന്നായിരുന്നു കൊലപാതകങ്ങളെക്കുറിച്ചുളള പ്രതികരണം. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുണ്ട്. ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. പണം ചെലവിട്ടത് ആര്‍ഭാട ജീവിതം നയിക്കാനായിരുന്നു. ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോള്‍ പറയുന്നില്ല. പൊലീസ് അറിയാത്ത പല കാര്യങ്ങളും ഷാജു മാധ്യമങ്ങളോട് പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജോളിയുടെ നിര്‍ണായക മൊഴി പുറത്തുവന്നു.  അമ്മ അന്നമ്മയുടേത് കൊലപാതകമായിരുന്നെന്ന് ആദ്യ ഭർത്താവ് റോയിക്ക് അറിയാമായിരുന്നുവെന്നാണ് ജോളി മൊഴി നല്‍കിയത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലിയെ മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചുവെന്നും ജോളി മൊഴി നൽകി. 

അഭിമുഖത്തിന്‍റെ പൂർണരൂപം:

Read more:  'അമ്മയെ കൊന്നത് റോയിക്ക് അറിയാമായിരുന്നു': സിലിയെ കൊല്ലാൻ ശ്രമിച്ചത് മൂന്ന് തവണ: ജോളിയുടെ പുതിയ മൊഴി

മൂന്നാം തവണ രണ്ട് ഘട്ടങ്ങളായി സയനൈഡ് നൽകിയാണ് കൊന്നതെന്നും ചെറിയ കുപ്പിയിൽ സയനൈഡ് കൊണ്ട് നടന്നാണ് കൊലപാതകങ്ങൾ നടത്തിയതെന്നും ജോളി പൊലീസിനോട് പറ‍ഞ്ഞു. ചോദ്യം ചെയ്യൽ തുടരുന്ന ഓരോ ദിവസവും ‌ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.

അന്നമ്മയോട് അടങ്ങാത്ത വിദ്വേഷം

അന്നമ്മയിൽ നിന്ന് ജോളി പണം കടംവാങ്ങിയിരുന്നെന്നും ഇത് അന്നമ്മ തിരികെ ചോദിച്ചതിലുള്ള വിദ്വേഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്നായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പൊന്നാമറ്റം തറവാടിന്റെ അധികാരം അന്നമ്മയിൽ നിന്ന് സ്വന്തമാക്കാനുള്ള ആഗ്രഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നേരത്തെ തന്നെ ജോളി മൊഴി നൽകിയിരുന്നു.  

സിലിക്ക് വിഷം നൽകിയത് മൂന്ന് തവണ

സിലിയുടെത് വളരെ ആസൂത്രിതമായ കൊലപാതകം ആണെന്നും ജോളിയുടെ പുതിയ മൊഴി വ്യക്തമാക്കുന്നു. 2016ൽ ആണ് ദന്താശുപത്രിയിൽ വച്ച് സിലി ജോളിയുടെ മടിയിൽ കുഴഞ്ഞുവീണ് മരിച്ചത്. എന്നാൽ ഇതിന് മുൻപ് രണ്ട് തവണ സയനെയ്ഡ് നൽകി സിലിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യവട്ടം ഭക്ഷണത്തിൽ സയനെയ്ഡ് കലർത്തി നൽകിയെങ്കിലും വിഷത്തിന്റെഅളവ് കുറവായതിനാൽ സിലി രക്ഷപ്പെട്ടു. രണ്ടാം വട്ടം വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും സിലി ഇത് കഴിക്കാൻ കൂട്ടാക്കിയില്ല. 

കുഴഞ്ഞുവീണ ശേഷവും വിഷം കലർത്തിയ വെള്ളം നൽകി

ഒടുവിലായി ഒരു കല്യാണവീട്ടിൽ വച്ച് ജോളി സിലിക്ക് സയനെയ്‍ഡ് കലർന്ന ഭക്ഷണം നൽകി. ഇതിന് ശേഷം സിലി ദന്താശുപത്രിയിലേക്ക് പോകുകയാണെന്ന് മനസിലാക്കിയ ജോളി വാഹനത്തിൽ ഒപ്പം കയറി. മരണം ഉറപ്പാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ദന്താശുപത്രിയിൽ വച്ച് ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീണ സിലിയ്ക്ക് കയ്യിൽ കരുതിയിരുന്ന വെള്ളം ജോളി നൽകി. ഈ വെള്ളത്തിലും സയനെയ്ഡ് കലർത്തിയിരുന്നു. അങ്ങനെ സിലിയുടെ മരണം ജോളി ഉറപ്പിച്ചു. ഇത്തരത്തിൽ കുപ്പിയിൽ സയനെയ്ഡ് കൊണ്ടു നടന്നായിരുന്നു കൊലപാതകം.

ജോളിയുടെ ചോദ്യം ചെയ്യൽ തുടരുന്നു

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി നൽകിയെ മൊഴികളെല്ലാം വാസ്തവമാണോ എന്ന് അന്വേഷിക്കുകയാണ് പൊലീസിപ്പോൾ. ജോളിയെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. പൊലീസ് വീണ്ടും പൊന്നാമറ്റം വീട്ടിലെത്തി തെരച്ചിൽ നടത്തുമെന്നും സൂചനയുണ്ട്. എന്നാൽ ഈ തെരച്ചിലിൽ ജോളിയടക്കമുള്ള പ്രതികളെ ഇവിടെ എത്തിച്ചേക്കില്ലെന്നാണ് അറിയുന്നത്.

Read More: കൂടത്തായി കേസ്: ജോളിയെ ചോദ്യം ചെയ്യുന്നത് തുടരും; എസ്‍പി ദിവ്യ എസ് ഗോപിനാഥും സംഘവും ഇന്നെത്തും

വിവാദമായ കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്താന്‍ എസ്‍പി ദിവ്യ എസ് ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം ഇന്നെത്താനിരിക്കുകയാണ്. ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘമാണിത്. ഇവരുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമാകും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.

Read More: 'സയനൈഡിൽ' നിർണായക തെളിവ്; കല്ലറ തുറന്നാൽ ദോഷമെന്ന് ജോളി പ്രചരിപ്പിച്ചു

ഫോറൻസിക് വിദഗ്‍ധരുടെ സംഘവുമായി ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കൂടത്തായി കേസ് തെളിയിക്കുന്നത് പൊലീസിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്‍ധരെ ഉള്‍പ്പെടുത്താനാണ് പൊലീസിന്റെ നീക്കം.