ബെംഗളൂരു:  മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍റെ കളഞ്ഞുപോയ ഐ ഡി കാർഡ് ഉപയോഗിച്ച് നടത്തിയ ഓൺലൈൻ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിയായ യുവാവിന് 40000 രൂപ നഷ്ടപ്പെട്ടതായി പരാതി. അക്ഷയ് നഗർ സ്വദേശിയായ ധീരജ് കുമാറാണ് തട്ടിപ്പിനിരയായത്. ഒഎൽഎക്സിൽ 40000 രൂപയ്ക്ക് തന്‍റെ സോഫ സെറ്റ് വിൽപ്പനയ്ക്ക് നൽകുന്നുവെന്ന് പരസ്യം നൽകിയ ധീരജിനെ അടുത്ത ദിവസം അഖിൽ സിങ് എന്നു പരിചയപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ വിളിക്കുകയും താൻ വാങ്ങാൻ തയ്യാറാണെന്നറിയിക്കുകയുമായിരുന്നു.

അഖിൽ സിങ് തന്‍റെ ഐഡി കാർഡും കാന്‍റീൻ കാർഡുമെല്ലാം കാണിച്ചപ്പോൾ വിശ്വാസയോഗ്യമായി തോന്നിയെന്നും ധീരജ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. വസ്തു തനിക്ക് ഇഷ്ടപ്പെട്ടതിനാൽ നേരിട്ട് കാണേണ്ടതില്ലെന്നും ഓൺലൈൻ ആയി പണം അയക്കാമെന്നറിയിക്കുകയുമായിരുന്നു. അതിനായി താൻ അയക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യണമെന്നും അഖിൽ സിങ് തന്നെ അറിയിച്ചതായി ധീരജ് പറഞ്ഞു. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത ഉടനെ ധീരജിന്‍റെ അക്കൗണ്ടിൽ നിന്ന് 40000 രൂപ നഷ്ടപ്പെടുകയായിരുന്നു.  ഇതേ കുറിച്ചു ചോദിച്ചപ്പോൾ ചെറിയ തെറ്റുപറ്റിയതാണെന്നും ഒരിക്കൽ കൂടി ക്യു ആർ കോഡ് അയക്കാമെന്നറിയിക്കുകയും ചെയ്തു.

സംശയം തോന്നിയ ധീരജ്  ആർമിയിൽ മേജറായ തന്‍റെ ബന്ധുവിനെ വിളിച്ച് കാര്യങ്ങൾ പറയുകയും സൈനിക ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയ വ്യക്തിയുടെ ഫോട്ടോ ഐ ഡി അയച്ചുകൊടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു ഉദ്യോഗസ്ഥന്‍റെ കളഞ്ഞുപോയ ഐ ഡി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു തെളിയുന്നത് . ക്യു ആർ കോഡ് സ്കാൻ ചെയ്തപ്പോൾ തന്‍റെ അക്കൗണ്ടു വിവരങ്ങൾ ലഭിച്ചിരിക്കാമെന്നും യുവാവ് പറയുന്നു. അക്ഷയ് നഗർ പൊലീസ്  കേസ് സൈബർ പൊലീസിനു കൈമാറി.