മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് വ്യാജ പ്രചാരണം നടത്തിയ ആള്‍ കുറ്റം സമ്മതിച്ച് മാപ്പ് പറഞ്ഞു. വ്യാജ പ്രചാരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിദേശത്തുള്ള യുവാവ് സാമൂഹ്യമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞത്.

മലപ്പുറം തിരൂര്‍ സ്വദേശി നൗഷാദാണ് കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് പൊല്ലാപ്പിലായത്. റാസര്‍ഖൈമയില്‍ ജോലിചെയ്യുന്ന നൗഷാദിനെതിരെ മുസ്ലീം ലീഗിന്‍റെ പ്രവാസി സംഘടനയായ കെഎംസിസിയും പരാതി നല്‍കിയിരുന്നു.

മാപ്പു പറഞ്ഞെങ്കിലും നൗഷാദ് ശബ്ദം അനുകരിച്ച് പ്രചരിപ്പിച്ചത് സദുദ്ദേശത്തോടെയല്ലെന്ന നിലപാടിലാണ് പികെ കുഞ്ഞാലിക്കുട്ടി. അതുകൊണ്ടുതന്നെ പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് പികെ ഞ്ഞാലിക്കുട്ടിയുടെ തീരുമാനം.