ഇടുക്കി: അടിമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനേഴുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയതാരാണെന്ന് അറിയില്ല. ഇക്കാര്യം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേ സമയം പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹത്തിൽ പരിക്കുകളോ മുറിവുകളോ ഇല്ലെന്നും ആത്മഹത്യയാണെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേ സമയം മരിച്ച കുട്ടിക്കൊപ്പം വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ഇരുപത്തൊന്നുകാരി അപകടനില തരണം ചെയ്തു.

ഇടുക്കി അടിമാലി കുളമാംകുഴി കുടിയിൽ കഴിഞ്ഞ ദിവസമാണ് പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ ഇരുപത്തൊന്നുകാരിയെ വീട്ടിൽ വിഷം കഴിച്ച് അവശയായ നിലയിലും കണ്ടെത്തി. മൊബൈൽ ഫോൺ ഉപയോഗത്തിന് അമ്മ വഴക്ക് പറഞ്ഞതിന് പെൺകുട്ടികൾ രണ്ട് ദിവസം മുമ്പ് വീട് വിട്ടിരുന്നു. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതോടെ കുട്ടികൾ വീട്ടിൽ തിരിച്ചെത്തി.

എന്നാൽ രാത്രി എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഇരുവരും മറുപടി നൽകിയില്ലെന്ന് വീട്ടുകാർ പറയുന്നു. ഒളിവിലായിരുന്ന സമയത്തും കുട്ടികൾ വീട്ടിലേക്ക് സന്ദേശം അയച്ചിരുന്നു. രണ്ട് പേരും വീട് വിട്ട് പോയിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് വീട്ടുകാർ. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇരുപത്തൊന്നുകാരിയിൽ നിന്ന് മൊഴിയെടുത്താൽ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പോസ്റ്റ്മ‍ോർട്ടത്തിന് ശേഷം കുളമാംകുഴി കുടിയിൽ കൊണ്ടുവരുന്ന പതിനേഴുകാരിയുടെ മൃതദേഹം ഗോത്രാചാര പ്രകാരം സംസ്കരിക്കും.