കണ്ണൂര്‍: കണ്ണൂരിൽ ആലക്കോട് തോക്കിൽ നിന്ന് വെടിപൊട്ടി ദുരൂഹ സാഹചര്യത്തിൽ കർഷകൻ മരിച്ചു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനായി സൂക്ഷിച്ച ലൈസൻസില്ലാത്ത തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. മനോജിന്റെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

കാപ്പിമല മഞ്ഞപ്പുല്ലിലെ വടക്കുംകര മനോജാണ് ഇന്നലെ രാത്രി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വന്യമൃഗ ശല്യം തടയാൻ ലൈസൻസ് ഇല്ലാത്ത് തോക്ക് ഇയാൾ സൂക്ഷിച്ചിരുന്നു. രാത്രി എട്ടരയോടെ വെടി ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ വീടിനടുത്ത് പറമ്പിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മനോജ്. 

നെഞ്ചിന്‍റെ വലതുഭാഗത്താണ് വെടിയേറ്റത്. നാട്ടുകാർ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ ആലക്കോട് പൊലീസ് വിശദമായ പരിശോധന തുടങ്ങി. പരിസരത്ത് നിന്നും നാടൻ തോക്ക് കണ്ടെടുത്തു. മഞ്ഞപ്പുൽ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. 

കഴിഞ്ഞ ദിവസം മനോജിന്‍റെ കൃഷിയിടത്തിലെ വാഴകൾ പന്നികൾ നശിപ്പിച്ചിരുന്നത്രേ. പന്നികളെ വെടിവക്കാൻ ഒളിപ്പിച്ചു വച്ച തോക്കെടുത്തപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് വീട്ടുകാർ സംശയിക്കുന്നത്. അതേസമയം സംഭവമായി ബന്ധപ്പെട്ട് എന്തെങ്കിലും ദുരൂഹതകൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.