പഠിച്ചില്ലെന്ന് മകന്‍ മറുപടി പറഞ്ഞതോടെ പ്രകോപിതനായ അച്ഛന്‍ ചട്ടുകം പൊള്ളിച്ച് മകന്‍റെ വയറിലും കാല്‍പാദങ്ങളിലും പൊള്ളിക്കുകയായിരുന്നു.

അടൂര്‍: പത്തനംതിട്ട അടൂരില്‍ മദ്യലഹരിയില്‍ ഏഴുവയസ്സുകാരനായ മകനോട് അച്ഛന്‍റെ ക്രൂരത. പഠിച്ചില്ലെന്ന് പറഞ്ഞ് മകന്‍റെ കാലില്‍ ചട്ടുകംവെച്ച് പൊള്ളിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ ആണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അച്ഛന്‍റെ ക്രൂരതയ്ക്കിരയായത്. മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ടാണ് അച്ഛന്‍ പുറത്തേക്ക് പോയത്. വൈകിട്ട് തിരിച്ച് വന്ന ശ്രീകുമാര്‍ മകനോട് പഠിച്ച് കഴിഞ്ഞോ എന്ന് അന്വേഷിച്ചു. പഠിച്ചില്ലെന്ന് മകന്‍ മറുപടി പറഞ്ഞതോടെ പ്രകോപിതനായ അച്ഛന്‍ ചട്ടുകം പൊള്ളിച്ച് മകന്‍റെ വയറിലും കാല്‍പാദങ്ങളിലും പൊള്ളിക്കുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിന്‍റെറെ വിവിധ ഭാഗങ്ങളില്‍ പൊള്ളലുണ്ട്. മദ്യലഹരിയിൽ എത്തിയാണ് കുട്ടിയുടെ അച്ഛൻ ക്രൂര പീഡനo നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വിവരം അയല്‍വാസികളോട് പറയുകയും തുടര്‍ന്ന് പഞ്ചായത്തംഗം വഴി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ശ്രീകുമാര്‍ മുമ്പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയെ അടൂർ ചൈൽഡ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.