ബംഗളൂരു: ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ രോഗിയായ മകനെ കൊല്ലാന്‍ അച്ഛന്‍ സുഹൃത്തിന് 50,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി. കര്‍ണാടകയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അപസ്മാര രോഗിയായ മകനെ കൊലപ്പെടുത്തിയ കുറ്റത്തിന് കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ക്വട്ടേഷന്‍ കഥ പുറം ലോകം അറിഞ്ഞത്. കർണാടകയിലെ ദേവനഗരയില്‍ ആണ് സംഭവം. അപസ്മാര രോഗിയായ മകനെ ചികിത്സിക്കാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് അച്ഛന്‍ മകനെ സുഹൃത്തിന് ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കുകയായിരുന്നു.

കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ദിവസ വേതനത്തിന്  ജോലിചെയ്യുന്ന തൊഴിലാളിയാണ് എം ജയപ്പ. അപസ്മാര രോഗിയായ മകന്‍ ബാസവരാജുവിനെ ചികിത്സിക്കാന്‍ ‍ജയപ്പയ്ക്ക്  നാല് ലക്ഷത്തോളം രൂപ ചെലവായി. പക്ഷേ ആരോഗ്യ നിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. മകന്‍റെ തുടര്‍ ചികിത്സയ്ക്കായി കൂടുതൽ പണം കണ്ടെത്താന്‍  ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. രോഗിയായ മകനെ  കൂടാതെ ജയപ്പയ്ക്ക് മറ്റ് നാലുമക്കള്‍ കൂടിയുണ്ട്.  ഭാര്യയോടും മക്കളോടും ഒപ്പം ദേവനഗരെ എന്ന സ്ഥലത്താണ് ഇയാള്‍ താമസിക്കുന്നത്. കുടുംബം നോക്കാനും മകനെ ചികിത്സിക്കാനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നപ്പോഴാണ് ജയപ്പ മകനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

മകനെ കൊലപ്പെടുത്തിയാല്‍ എല്ലാ പ്രശ്നവും അവസാനിക്കുമെന്ന ചിന്തയില്‍ നടക്കുമ്പോഴാണ് ഒരു ബാറില്‍ വച്ച് ജയപ്പ സുഹൃത്തായ മഹേഷിനെ കണ്ടെത്തുന്നത്. സങ്കടങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ മകന്‍റെ ചികിത്സയെപ്പറ്റിയും പണത്തിന്‍റെ ബുദ്ധിമുട്ടിനെപ്പറ്റിയും ജയപ്പ പറഞ്ഞു. ഈ പ്രശ്നത്തില്‍ നിന്നും രക്ഷ നേടാനായി മകനെ കൊലപ്പെടുത്താന്‍ സഹായിക്കണമെന്ന് ജയപ്പ സുഹൃത്തിനോട് ആവശ്യപ്പെട്ടു. വേദനയില്ലാതെ മകനെ കൊല്ലാമെന്നും ഇതിനായി ഒരു ഇഞ്ചെക്ഷന്‍ വേണമെന്നും 25,000 രൂപയാണ് വിലയെന്നും മഹേഷ്  ജയപ്പയെ അറിയിച്ചു. കൂടാതെ 25,000 രൂപ തനിക്ക് പ്രതിഫലമായി  നല്‍കണമെന്നും മഹേഷ് ആവശ്യപ്പെട്ടു.

പണം നല്‍കാമെന്ന് ജയപ്പ സമ്മതിച്ചു. എന്നാല്‍ കുട്ടിയെ കൊല്ലാനുള്ള ഇഞ്ചെക്ഷന്‍ കണ്ടെത്താന്‍  മഹേഷിനായില്ല. ഇതോടെ എങ്ങനെ എങ്കിലും മകനെ കൊന്നാല്‍ മതി 25000 രൂപ തരാമെന്ന് ജയപ്പ മഹേഷിനോട് പറഞ്ഞു. കുട്ടിയ കൊലപ്പെടുത്താനുള്ള സാഹചര്യം ജയപ്പ ഉണ്ടാക്കി. ഇതിനായി ബാസവരാജുവിനെ തന്റെ കൂടെ നിർത്തി ഭാര്യയെയും മറ്റു മക്കളെയും ജയപ്പ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിട്ടു. അന്ന് രാത്രിയില്‍ മഹേഷ് ജയപ്പയുടെ  വീട്ടിലെത്തി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നു.  

പിറ്റേ ദിവസം നേരം പുലര്‍ന്നപ്പോള്‍ അപസ്മാരം ബാധിച്ച് കുട്ടി മരിച്ചു എന്ന കഥ ജയപ്പ മെനഞ്ഞുണ്ടാക്കി. കുട്ടിയ്ക്ക് അപസ്മാരബാധയുള്ളതിനാല്‍ തന്നെ നാട്ടുകാരില്‍ പലരും ഇത് വിശ്വസിച്ചു. എന്നാല്‍ സുഹൃത്ത് രാത്രി വീട്ടിലെത്തിയതിന്‍റെ പിറ്റേ ദിവസം കുട്ടി മരിച്ചത് നാട്ടുകാരില്‍ ചിരില്‍ സംശയം ജനിപ്പിച്ചു.  നാട്ടുകാര്‍ തങ്ങളുടെ സംശയം പൊലീസില്‍ അറിയിച്ചു. ഇതോടെ പൊലിസ് അന്വേഷണം നടത്തി ജയപ്പയെ കസ്റ്റഡിയിലെടുത്തു. ജയപ്പയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പിന്നാലെ ജയപ്പയുടെ സുഹൃത്ത് മഹേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.