നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അച്ഛൻ അഞ്ചാംക്ലാസ്സുകാരിയായ സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു. മാസങ്ങളോളം വിവരം ആരോടും പറയാനാകാതിരുന്ന കുട്ടി ഒടുവിൽ സ്കൂളധികൃതരോടാണ് അച്ഛന്‍റെ പീഡനം തുറന്നു പറഞ്ഞത്. അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ നിയമപ്രകാരമാണ് അച്ഛനെതിരെ കേസെടുത്തിരിക്കുന്നത്. 

അച്ഛന്‍റെ സുഹൃത്തുക്കളടക്കം കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഇതാരാണെന്ന് പറയാൻ പോലും കുട്ടിയ്ക്ക് അറിയില്ല. കുട്ടി പറയുന്ന സൂചനകൾ അനുസരിച്ച് അച്ഛന്‍റെ സുഹൃത്തുക്കളെയും പൊലീസ് തെരഞ്ഞുവരികയാണ്. 

സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത കുട്ടിയുടെ അമ്മയെയും അച്ഛൻ നിരന്തരം ഉപദ്രവിച്ചിരുന്നു. അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും, പ്രതികരിച്ചാൽ കൂടുതൽ ഉപദ്രവിക്കുമായിരുന്നെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. 

''കുറേ ദിവസം മുമ്പേ ഇയാളീ ഉപദ്രവം തുടങ്ങിയിട്ടുണ്ട്. ഇയാളെ കാണുമ്പഴേ കുട്ടി ഓടും. മിണ്ടണ്ട, അയാള് വരണുണ്ട്, മിണ്ടണ്ട, എന്ന് പറയും. പഠിക്കാൻ പോലും സമ്മതിക്കണില്ല. അങ്ങനെ ഉപദ്രവിക്കുവാണ്. കുട്ടി കത്തിയെടുത്ത് മരിക്കാൻ ഓടുവാണ്. അതുകൊണ്ടാ കുഞ്ഞ് സ്കൂളിൽ പറഞ്ഞത്'', കുട്ടിയുടെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'എനിക്കാരുമില്ലെ'ന്ന് അലറിക്കരഞ്ഞ് കുട്ടി

പലപ്പോഴും കുട്ടി വീട്ടിൽ നിന്ന് കത്തിയും മറ്റുമെടുത്ത് പുറത്തേക്ക് ഓടുമായിരുന്നെന്നും, 'എനിക്കാരുമില്ലെ'ന്ന് അലറിക്കരയാറുണ്ടെന്നും കുട്ടിയുടെ ബന്ധു പറയുന്നു. സ്കൂളിലും ആരോടും ഒന്നും മിണ്ടാതെ കുട്ടി മാറിയിരിക്കുമായിരുന്നു. പലപ്പോഴും കരയുമായിരുന്നു. ഇത് കണ്ട അധ്യാപകരാണ് കുട്ടിയോട് സംസാരിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിക്കുന്നത്.

അവരോടാണ് കുട്ടി അച്ഛൻ ഉപദ്രവിക്കുന്ന വിവരം തുറന്നു പറയുന്നത്. അധ്യാപകരാണ് ശിശുക്ഷേമസമിതിയെ വിവരമറിയിക്കുന്നതും പിന്നീട് കുട്ടിയെ വന്ന് കണ്ട് മൊഴിയെടുത്ത് പൊലീസിനോട് വിവരം പറയുന്നതും. ഇതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അച്ഛനെ വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്യുന്നത്.

കുട്ടിയ്ക്ക് ഒരു ഇളയ സഹോദരനുമുണ്ട്. ഈ കുഞ്ഞിനെയും ഇയാൾ ഉപദ്രവിക്കുമായിരുന്നു. വീട്ടിൽത്തന്നെയാണ് കുട്ടിയുടെ അമ്മൂമ്മയും താമസിക്കുന്നത്. ക്രൂരമായി അമ്മയെയും കുട്ടികളെയും ഇയാൾ തല്ലുമായിരുന്നെന്ന്, ഇവരും പറയുന്നു. 

നിരന്തരം ഇയാളും സുഹൃത്തുക്കളും വീട്ടിൽ വന്ന് മദ്യപിക്കുമായിരുന്നു. മദ്യപിക്കാനെത്തുമ്പോഴൊക്കെ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ഇവരെ തല്ലിച്ചതയ്ക്കും. ഇത് ചൂണ്ടിക്കാട്ടി പല തവണ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും പൊലീസ് ഒന്നും ചെയ്തില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ഇതിന് ശേഷമാണ് കുട്ടിയെ ഇയാൾ ലൈംഗികമായും ഉപദ്രവിക്കാൻ തുടങ്ങിയത്. 

പരാതി നൽകിയ സമയത്ത് തന്നെ പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ ലൈംഗിക ഉപദ്രവമുണ്ടാകുമായിരുന്നില്ലെന്ന് കുട്ടിയുടെ ബന്ധു പറയുന്നു. 

അറസ്റ്റ് ചെയ്ത കുട്ടിയുടെ അച്ഛനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് പൊലീസ്.