സിനിമ കണ്ട് പ്രചോദിതരായി കൊള്ള നടത്തിയ സംഘം ദില്ലിയിൽ അറസ്റ്റിലായി. സിബിഐ ഉദ്യോഗസ്ഥരായി ആൾ മാറാട്ടം നടത്തിയാണ് സംഘം മോഷണം നടത്തിയത്.
ദില്ലി: സിനിമ കണ്ട് പ്രചോദിതരായി കൊള്ള നടത്തിയ സംഘം ദില്ലിയിൽ അറസ്റ്റിലായി. സിബിഐ ഉദ്യോഗസ്ഥരായി ആൾ മാറാട്ടം നടത്തിയാണ് സംഘം മോഷണം നടത്തിയത്. മൂന്ന് പേരുടെ അറസ്റ്റ് രേഖപെടുത്തിയ പൊലീസ് രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.
സിബിഐ ഉദ്യോഗസ്ഥരുടെ വേഷത്തിൽ എത്തിയ ഒരു സംഘം മുംബൈയിലെ ഒരു ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തുന്ന സിനിമയാണ് സ്പെഷ്യൽ 26. ഈ ചിത്രം കണ്ട് പ്രചോദിതരായാണ് അഞ്ചംഗസംഘം ദില്ലി പീതാംബുര ഏരിയയിലുള്ള പ്രിയങ്ക് അഗർവാൾ എന്ന ഡോക്ടറുടെ വീട്ടിലെത്തി കൊള്ള നടത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് ഒരു സ്ത്രീയടക്കം അഞ്ച് പേരാണ് പ്രിയങ്ക് അഗർവാളിൻറെ വീട്ടിലെത്തിയത്. സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ സംഘ പ്രിയങ്ക് അഗർവാളിൻറെയും വീട്ടുകാരുടെയും ഫോൺ പിടിച്ചെടുത്തു. കള്ളപ്പണം കണ്ടെത്താനായി തെരച്ചിൽ നടത്തുകയാണെന്നാണ് ഇവർ 36 ലക്ഷം രൂപയും, ആഭരണങ്ങളും, 3852 ഡോളറും ഇവിടെ നിന്ന് സംഘം തട്ടിയെടുത്തു.
ആഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം ഡ്രൈവറോട് ഇവരെ പ്രിയങ്ക് അഗർവാളിൻറെ ക്ലിനിക്കിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ സംശയം തോന്നിയ ഡ്രൈവർ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോൾ ഉച്ചത്തിൽ ഹോൺ അടിച്ചു.
ഇത് കേട്ട സംഘം അപകടം മനസ്സിലാക്കി ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ ബിട്ടു,സുരേന്ദർ, വിഭ, എന്നിവരെ പൊലീസ് പിടികൂടിയെങ്കിലും അമിത്, പവൻ എന്ന രണ്ട് പേർ കടന്നു കളഞ്ഞു. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
