കോഴിക്കോട്: പന്തീരാങ്കാവില്‍ കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് കൊലപാതകമാണന്ന് തെളിഞ്ഞു. തര്‍ക്കത്തിനിടെ സുഹൃത്ത് മജിത് വിപിനെ വയറില്‍ ചവിട്ടിയതാണ് മരണകാരണമെന്ന് പന്തീരങ്കാട് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പന്തീരാങ്കാവ് ജ്യോതി ബസ്റ്റോപ്പിന് സമീപത്തെ വീട്ടില്‍ വിപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപിന്‍ വീണുകിടന്ന സ്ഥലത്ത് രക്തക്കറയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മരണം കൊലപാതമാണെന്ന സംശയം പോലീസിനും നാട്ടുകാര്‍ക്കുമുണ്ടായിരുന്നു. 

ഒടുവില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വിപിന്‍റെ വയറ്റിനേറ്റ ശക്തിയായ ചവിട്ടാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശക്തിമായ ചവിട്ടില്‍  ആന്തരീകാവയവയങ്ങള്‍ക്കേറ്റ് പരിക്കേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പ് തന്നെ വിപിന്‍റെ മരണത്തിന് പിന്നില്‍ സുഹൃത്ത് മജിത്താണെന്ന വിവരം പൊലീസിനുണ്ടായിരുന്നു. സംഭവം നടന്ന ദിവസം മജിത് വിപിന്‍റെ വീട്ടിൽ വന്നിരുന്നതായും വിപിനുമായി തര്‍ക്കമുണ്ടായിരുന്നതായും പോലീസിന് വിവരം കിട്ടിയിരുന്നു. നേരത്തെ ഗല്‍ഫിലുണ്ടായിരുന്ന പ്രതി മജിതും വിപിനും തമ്മില്‍ സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നു. 

സംഭവദിവസം വിപിന്‍റെ വീട്ടിലെത്തിയ മജിത് മദ്യലഹരിയിലായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ മജിത് വിപിന്‍റെ വയറില്‍ ആഞ്ഞ് ചവിട്ടി. മജിത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണോ ചെയ്തത് എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പന്തീരങ്കാവ് പൊലീസ് അറിയിച്ചു.