ഇലന്തൂരിലെ ഹോട്ടലിൽ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ച ശേഷം ഉപേക്ഷിച്ച മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളമാണ് പ്രതി ഫക്രുദീനാണെന്ന് തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്

റാന്നി: മോഷണത്തിനിടെ പൊട്ടിച്ച കുടിച്ച മുട്ടയില്‍ വിരലടയാളം പതിഞ്ഞു, കള്ളന്‍ പിടിയിലായി. 7 മാസം മുന്‍പ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം നടത്തിയ മോഷണത്തിനിന് പിന്നാലെ ചാവക്കാട് പുത്തൻകടപ്പുറം കരിമ്പിൽ വീട്ടിൽ കെ കെ ഫക്രുദീൻ പൊലീസ് പിടിയിലായത്. റാന്നി സ്റ്റേഷൻ ഹൗസ് ഓഫിസർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള നിഴൽ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം വർധിച്ചതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇലന്തൂരിലെ ഹോട്ടലിൽ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ച ശേഷം ഉപേക്ഷിച്ച മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളമാണ് പ്രതി ഫക്രുദീനാണെന്ന് തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. 

റാന്നി മേഖലയിലെ മന്ദമരുതി ബഥേൽ മാർത്തോമ്മാ പള്ളി, ഇടക്കുളം സെന്റ് തോമസ് ക്നാനായ പള്ളി, കൈപ്പട്ടൂർ ഉഴവത്ത് ക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയത് താനാണെന്ന് ഫക്രുദീന്‍ പൊലീസിന് മൊഴി നല്‍കി. അഞ്ചലിൽ മീൻ കടയിൽ നിന്ന് 50,000 രൂപ മോഷ്ടിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ വ്യക്തമാക്കിയത്. മദ്യപിക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് ഇയാള്‍ മോഷ്ടിച്ച പണം ഉപയോഗിച്ചതെന്നാണ് സൂചന. ഒരു തവണ ഉപയോഗിച്ച വസ്ത്രം പോലും വീണ്ടും ഉപയോഗിക്കാന്‍ പോലും ഇയാള്‍ കൂട്ടാക്കാറില്ലെന്ന് പൊലീസ് പറയുന്നു.