മീററ്റ്: വലിയ രീതിയില്‍ എന്‍സിഇആര്‍ടിയുടെ വ്യാജ ടെക്സ്റ്റ് ബുക്കുകള്‍ അച്ചടിച്ച സംഭവത്തില്‍ ബിജെപി നേതാവിന്‍റെ മകനെതിരെ എഫ്ഐആര്‍. ഉത്തര്‍ പ്രദേശ് ബിജെപി നേതാവ് സഞ്ജീവ് ഗുപ്തയുടെ മകന്‍  സച്ചിന്‍ ഗുപ്തയ്ക്കെതിരെയാണ് എഫ്ഐആര്‍. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളുടെ മൊബൈലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് പുസ്തകങ്ങളായിരുന്നു പിടികൂടിയതില്‍ ഏറെയുള്ളത്. 9 മുതല്‍ 12 ക്ലാസ് വരെയുള്ള ടെക്സ്റ്റ് ബുക്കുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. 

364 വിധത്തിലുള്ള വ്യാജ ടെക്സ്റ്റ് ബുക്കുകളാണ് ഇവിടെ നിന്ന് തയ്യാറാക്കിയിരുന്നതെന്നാണ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് സബ് ഇന്‍സ്പെക്ടര്‍ സഞ്ജയ് സോളങ്കി ന്യൂസ് 18നോട് വ്യക്തമാക്കിയത്. പാഠ്യ പദ്ധതി മാറ്റി. വ്യാജ പുസ്തകങ്ങള്‍ അച്ചടിക്കുന്ന  മക്കള്‍ക്ക്  ബിജെപി നേതാക്കള്‍ ധാര്‍മ്മികത പഠിപ്പിക്കണമെന്ന് സഞ്ജീവ് ഗുപ്തയ്ക്കെതിരെ അഖിലേഷ് യാദവ്  വിമര്‍ശനം ഉയര്‍ത്തി.

ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനായി അച്ചടിച്ച ഒന്നരലക്ഷത്തോളം ടെക്സ്റ്റ് ബുക്കുകളാണ് മീററ്റില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്. കരസേനയുടെ ഇന്‍റലിജന്‍സും ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ചേര്‍ന്നാണ് വന്‍തുകയുടെ പാഠപുസ്തകങ്ങള്‍ പിടികൂടിയത്. ഇതിന് നേതൃത്വം നല്‍കിയിരുന്ന സച്ചിന്‍ ഗുപ്ത സമാനമായ മറ്റൊരു അച്ചടിശാല അഗ്നിക്കിരയാക്കിയ ശേഷം മുങ്ങിയതായി പൊലീസ് വിശദമാക്കിയിരുന്നു. 

കരിഞ്ചന്തയില്‍ വിറ്റിരുന്ന ഈ പുസ്തകങ്ങള്‍ എന്‍സിഇആര്‍ടിക്ക് വന്‍ നഷ്ടമുണ്ടാക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ത്ഥപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അച്ച്രോണ്ടാ റോഡിലെ കാശിഗോണിലെ ഗോഡൌണില്‍ സംശയകരമായ സംഭവങ്ങള്‍ നടക്കുന്നതായി ഓഗസ്റ്റ് ആദ്യ വാരമാണ് മിലിട്ടറി ഇന്‍റലിജന്‍സ് വിഭാഗത്തിന് വിവരം കിട്ടിയത്. അച്ചടിശാലയില്‍ നിന്ന് പുസ്തകങ്ങള്‍ കടത്താനായി രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ ഉപയോഗിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.