Asianet News MalayalamAsianet News Malayalam

നിത്യാനന്ദയ്ക്കെതിരായ പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു

ചോദ്യം ചെയ്യലിന് ഇടയില്‍ ആശ്രമത്തിലെ അന്തേവാസികളായ കുട്ടികളോട് മോശമായ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചെന്നും കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

FIR booked against self claimed godman Nithyananda case investigators for showing porn to children in ashram
Author
Ahmedabad, First Published Mar 10, 2020, 4:36 PM IST

അഹമ്മദാബാദ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ കേസ് അന്വേഷിക്കുന്ന പതിനാല് ഉദ്യോഗസ്ഥര്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസികളെ പോണ്‍ വീഡിയോ കാണിച്ചതിനാണ് കേസ്. ഗുജറാത്തിലെ അഹമ്മദാബാദ് കോടതിയുടേതാണ് നടപടി. നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസികളുടെ പരാതിയിലാണ് നടപടി. 

വിവേകാന്ദനഗര്‍ പൊലീസാണ് ശിശുക്ഷേമ സമിതി അംഗങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഇടയില്‍ ആശ്രമത്തിലെ അന്തേവാസികളായ കുട്ടികളോട് മോശമായ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചെന്നും കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ റാണാ, ഡെപ്യൂട്ടി എസ്പി കെ ടി കമരിയ, റിയാസ് സര്‍വ്വയ്യ, എസ് എച്ച് ശര്‍ദ്ദ, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ദിലീപ് നര്‍, ചെയര്‍മാന്‍ ഭവേഷ് പട്ടേല്‍ തുടങ്ങിയവര്‍ക്കെതിരെയും പരാതിയുണ്ട്. ആശ്രമത്തിലെ അന്തേവാസിയായ ഗിരീഷ് ത്രിപാഠിയുടേതാണ് പരാതി. 

ആശ്രമത്തിലുള്ള മക്കളെ അനധികൃതമായി തടഞ്ഞ് വച്ചിരിക്കുകയാണ് എന്ന ജനാര്‍ദ്ദന ശര്‍മ്മയുടേയും ഭാര്യയുടേയും ഹേബിയസ് കോര്‍പസ് പരാതിയില്‍ അന്വേഷണം നടത്താന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. കുട്ടികളുടെ സ്വകാര്യത മാനിക്കാതെയായിരുന്നു ചോദ്യം ചെയ്യലെന്ന് പരാതിയില്‍ ആരോപിക്കുന്നു. ചോക്ലേറ്റുകളും ഭക്ഷണ വസ്തുക്കളും നല്‍കി അന്തേവാസികളായ കുട്ടികളെ വശീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നും പരാതിയില്‍ പറയുന്നു. 

അടുത്തിടെ കര്‍ണാടക ഹൈക്കോടതി നിത്യാനന്ദയ്ക്ക് നല്‍കിയിരുന്ന ജാമ്യം റദ്ദാക്കിയിരുന്നു. നിത്യാനന്ദയെ കസ്റ്റഡിയില്‍ എടുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. നിത്യാനന്ദയ്ക്കെതിരെ ഫെബ്രുവരി 1നാണ് കര്‍ണാടക ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. കെ ലെനിന്‍ എന്നയാളുടെ പരാതിയിലാണ് കര്‍ണാടക ഹൈക്കോടതി നിത്യാനന്ദയുടെ ജാമ്യം നിഷേധിച്ചത്.

ബലാത്സംഗം, വഞ്ചന, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, തെളിവ് നശിപ്പിക്കല്‍, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ക്രിമിനല്‍ ഗൂഢാലോചന ഇങ്ങനെ വിവിധ കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് നിത്യാനന്ദ. എന്നാല്‍ 2018 മുതല്‍ ഇയാള്‍ ഒരു കോടതിക്ക് മുന്നിലും ഹാജരായിട്ടില്ല. ഗുജറാത്തിലെ ഒരു കോടതി ഇയാള്‍ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.


 

Follow Us:
Download App:
  • android
  • ios