മൂന്ന് കുട്ടികളും ദമ്പതികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.

കണ്ണൂർ: കണ്ണൂരിൽ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി അമ്മയും പങ്കാളിയും ആത്മഹത്യ ചെയ്തു. ചെറുപുഴ പാടിയോട്ടുചാലിൽ ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവം ഉണ്ടായത്. മുൻ ഭർത്താവിന്‍റെ പരാതിയിൽ പ്രശ്നം ചർച്ച ചെയ്യാൻ യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ആത്മഹത്യ.

പുലർച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാൽ വാച്ചാലിൽ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ, മക്കളായ 12 ഉം 10 ഉം 8 ഉം വയസ്സുള്ള സൂരജ്, സുജിൻ, സുരഭി, ശ്രീജയുടെ പങ്കാളി ഷാജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയർകേസിന്‍റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇക്കഴിഞ്ഞ 16 ന് ഇവരുടെ വിവാഹം ചെയ്തിരുന്നു. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സുനിലിന്‍റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും ഷാജിയും കുട്ടികൾക്കൊപ്പം താമസിച്ചത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്ക കാരണം. പ്രശ്നം പരിഹരിക്കാൻ രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പൊലീസ് നിർദ്ദേശം നൽകിയിരുന്നു.

Also Read: കു‌ട്ടികളെ സ്റ്റെയർകേസിൽ കെട്ടിത്തൂക്കി, ഒരേ ഫാനിൽ തൂങ്ങിമരിച്ചു; ശ്രീജയും ഷാജിയും വിവാഹിതരായത് ഒരാഴ്ച മുമ്പ്

എന്നാൽ ഇന്ന് രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഏറെ കാലമായി മകൾ കുടുംബവുമായി അകൽച്ചയിലായിരുന്നുവെന്നും മുൻ ഭർത്താവുമായി പിരിഞ്ഞത് അറിയില്ലെന്നും ശ്രീജയുടെ പിതാവ് പറഞ്ഞു. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നതായി പെരിങ്ങോഎം വയകര പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player