Asianet News MalayalamAsianet News Malayalam

'എന്റെ ഉസ്താദിന് ഒരു വീട്' ; ഭവനപദ്ധതിയുടെ പേരില്‍ പണപ്പിരിവ്: നാല് പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്നും  6 മൊബൈല്‍ ഫോണുകള്‍, ഇലട്രോണിക് നോട്ടെണ്ണല്‍ യന്ത്രം, നിരവധി രസീത് ബുക്കുകള്‍, എഗ്രിമെന്റ് പേപ്പറുകള്‍, ഉടമ്പടി കരാര്‍ രേഖകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. പ്രതികള്‍ വ്യാജ വാഗ്ദാനം നല്‍കി ആളുകളില്‍നിന്നും ഫണ്ട് സ്വരൂപിച്ചു കൊണ്ട് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് എന്ന് പൊലീസ് വിശദമാക്കി

four held for collecting money in the name of fake home project in malappuram
Author
First Published Nov 24, 2022, 3:14 PM IST

മലപ്പുറം: ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. എന്റെ ഉസ്താദിന് ഒരു വീട് ഭവനപദ്ധതി' എന്ന പേരിലാണ് സംഘം നാട്ടുകാരില്‍ നിന്ന് പണം പിരിച്ചെടുത്തത്. ഒരു കോടിയിലേറെ രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുത്ത സംഘമാണ്  മഞ്ചേരിയില്‍ പൊലീസ് പിടിയിലായത്. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി ഹുസൈന്‍ ടി കെ, പാലക്കാട് അലനല്ലൂര്‍ സ്വദേശി ഷൗക്കത്തലി സി എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.

മഞ്ചേരി മുട്ടിപ്പാലത്ത് അനധികൃത പണം ഇടപാട് നടക്കുന്നുണ്ട് എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്താന്‍ എത്തി. റൂമിന്റെ പുറത്ത് DIVINE HAND CHARITABLE TRUST(DHCT) എന്ന പേരില്‍ 'എന്റെ ഉസ്താദിന് ഒരു വീട് ഭവന നിര്‍മ്മാണ പദ്ധതി ' എന്ന ഒരു ബാനര്‍ കെട്ടിവെച്ചിരുന്നു. പൊലീസ് എത്തുമ്പോള്‍ റൂമില്‍ അഞ്ച് പേര് ചേര്‍ന്ന് പണം എണ്ണുകയായിരുന്നു. പണം യന്ത്രസഹായത്താല്‍ ആയിരുന്നു എണ്ണിത്തിട്ടപ്പെടുത്തിയിരുന്നത്. പൊലീസിനെ കണ്ടതോടെ ഒരാള്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മറ്റ് 4 പേരെ പൊലീസ് പിടികൂടി. 58.5 ലക്ഷം രൂപയും പൊലീസ് ഇവിടെനിന്നും കണ്ടെടുത്തു.

റൂമില്‍ നിന്നും 6 മൊബൈല്‍ ഫോണുകള്‍, ഇലട്രോണിക് നോട്ടെണ്ണല്‍ യന്ത്രം, നിരവധി രസീത് ബുക്കുകള്‍, എഗ്രിമെന്റ് പേപ്പറുകള്‍, ഉടമ്പടി കരാര്‍ രേഖകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. പ്രതികള്‍ വ്യാജ വാഗ്ദാനം നല്‍കി ആളുകളില്‍നിന്നും ഫണ്ട് സ്വരൂപിച്ചു കൊണ്ട് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് എന്ന് പൊലീസ് വിശദമാക്കി. പരസ്യം ചെയ്ത് ആളുകളെ വരുത്തി സംഭാവനകള്‍ കൂപ്പണ്‍ വഴിയും മുദ്ര പേപ്പര്‍ വഴിയും ആണ് പണം ശേഖരിച്ചിട്ടുള്ളത്. ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ആണ് ആളുകളില്‍ നിന്നും ഇവര്‍ ശേഖരിച്ചിരുന്നത്. 2 ലക്ഷം തന്നവര്‍ക്ക് 4 മാസത്തിനു ശേഷം 8 ലക്ഷത്തിന്റ വീട് വെച്ച് നല്‍കുമെന്ന് പറഞ്ഞാണ് പണം ശേഖരിച്ചിട്ടുള്ളത് എന്നും പൊലീസ് പറയുന്നു. എന്നാല്‍ പണം നല്‍കിയ ആരും തന്നെ പരാതിയുമായി വന്നിട്ടില്ല എന്നും പൊലീസ് വിശദമാക്കി. 

പണം നല്‍കിയ ചില ആളുകള്‍ക്ക് ഇവര്‍ വീടുകള്‍വച്ച് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. അവര്‍ വഴിയുള്ള മൗത്ത് പബ്ലിസിറ്റിയിലൂടെ ആകൃഷ്ടരായി ആണ് കൂടുതല്‍ ആളുകള്‍ പണം നിക്ഷേപിക്കാന്‍ എത്തുന്നത്. പൊലീസ് പരിശോധന നടക്കുന്ന സമയത്തും ഒന്നുരണ്ട് പേര്‍ പണം നിക്ഷേപിക്കാന്‍ വന്നിരുന്നു. ചിലരോട് 2ലക്ഷം രൂപ നിക്ഷേപമിട്ടാല്‍ 4മാസത്തിന് ശേഷം 8ലക്ഷം രൂപ റൊക്കം പണമായി നല്‍കാം എന്നാണ് വാഗ്ദാനം നല്‍കിയിരുന്നത് എന്നും പൊലീസ് വിശദമാക്കി.

തട്ടിപ്പ് സംഘം 3 ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 93 പേരില്‍നിന്നായി 1,18,58,000 രൂപ പിരിച്ചെടുത്തതായാണ് പൊലീസ് കണക്ക്. 20ന് 37 ആളുകളില്‍ നിന്നായി 24,60,000 രൂപയും 21ാം തീയതി 22 ആളുകളില്‍ നിന്ന് 35,48,000രൂപയും 22 ന് 34 ആളുകളില്‍ നിന്നായി 58, 50,000 രൂപയും അടക്കം (മൊത്തം 1,18,58,000 രൂപ) മൂന്ന് ദിവസങ്ങളിലായി കൈപ്പറ്റി എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ ദിവസം പരിശോധിച്ച സമയത്ത് പിടിച്ചെടുത്ത 58,50,000 രൂപ പിരിച്ചതിന്റെ രേഖകളും വ്യക്തി വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിക്ഷേപമായി സ്വീകരിച്ച പണത്തില്‍ 30ലക്ഷത്തില്‍ പരം രൂപ രണ്ടാം പ്രതിയായ മുഹമ്മദ് അബ്ദുല്‍ ജബ്ബാറിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പുലര്‍ച്ചെ പെരിന്തല്‍മണ്ണ പൊലീസിന്റെ സഹായത്തോടെ ആണ് ഇയാളുടെ വീട്ടില്‍ നിന്നും 30,70, 000 രൂപ കണ്ടെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios