മുംബൈ: ഇന്‍സ്റ്റഗ്രാം ചിത്രം കണ്ട് പിന്തുടര്‍ന്ന സംഘം യുവാവിനെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. മുംബൈയിലാണ് സംഭവം. പീഡനത്തിന് ശേഷം ഇരുപത്തിരണ്ടുകാരനായ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചൈല്‍ഡ് റിമാന്‍ഡ് ഹോമിലേക്കും അയച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: യുവാവ് ഒരു ഹോട്ടലിന് മുന്നില്‍ നില്‍ക്കുന്ന സെല്‍ഫി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതുപയോഗിച്ച് ഹോട്ടല്‍ കണ്ടെത്തിയ പ്രതികള്‍ യുവാവിനെയും പിന്തുടര്‍ന്ന് കണ്ടെത്തി. തങ്ങള്‍ യുവാവിന്‍റെ വലിയ ആരാധകരാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ടെന്നും പറഞ്ഞ ശേഷം അവര്‍ക്കൊപ്പം ബൈക്കില്‍ യാത്ര വരുമോ എന്ന് ചോദിച്ചു.

യുവാവ് ഇത് സമ്മതിച്ചതോടെ നാലംഗ സംഘം ബൈക്കുകളില്‍ യുവാവിനെ കൊണ്ട് പോയി. മുംബൈ എയര്‍പോര്‍ട്ടിന് സമീപമെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി യുവാവിനെ ബലമായി കാറിലേക്ക് കയറ്റിയ സംഘം മൂന്ന് മണിക്കൂറോളം പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഇതിന് ശേഷം തിങ്കളാഴ്ച രാവിലെ വഴിയില്‍ യുവാവിനെ ഉപേക്ഷിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് തന്നെ പ്രതികളെ പൊലീസ് പിടികൂടി. കേസില്‍ തുടരന്വേഷണം നടക്കുകയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.