നാലുകൊല്ലം മുമ്പാണ് കണ്ണൂർ നെടുംപൊയിലിൽ എബിവിപി പ്രവർത്തകൻ ശ്യാം പ്രസാദിനെ എസ്ഡിപിഐ പ്രവർത്തകർ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ പിടിയിലായെങ്കിലും കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല
കണ്ണൂർ: നാലുകൊല്ലം മുമ്പാണ് കണ്ണൂർ നെടുംപൊയിലിൽ എബിവിപി പ്രവർത്തകൻ ശ്യാം പ്രസാദിനെ എസ്ഡിപിഐ പ്രവർത്തകർ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ പിടിയിലായെങ്കിലും കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ഐടിഐ വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരന്റെ വേർപാട് താങ്ങാനാകാതെ ഇന്നും വേദനയോടെ കഴിയുകയാണ് ശ്യാമിന്റെ മാതാപിതാക്കൾ.
2018 ജനുവരി 19 ഷൈമയുടെ ജീവിതം നെടുകെ പിളർന്ന ദിവസമായിരുന്നു. 22 കാരനായ മകൻ മരിച്ചതറിയാതെ കെട്ടിട നിർമ്മാണ ജോലിയും കഴിഞ്ഞ് ഷൈമ അന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തി. കുടുംബക്കാരൊക്കെ വന്നിട്ടുണ്ട്. ചോദിച്ചിട്ട് ആരും ഒന്നും തെളിച്ച് പറയുന്നില്ല.
കുത്തിക്കുത്തി ചോദിച്ചപ്പോൾ മകന് ചെറിയ ഒരാക്സിഡന്റ് പറ്റിയെന്നും രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്നും അറിയിച്ചു. നേരം പുലർന്നപ്പോൾ അമ്മ കണ്ടത് മകന്റെ ചേതനയറ്റ ശരീരം. അന്ന് തളർന്നുവീണ ഷൈമ ഈ ദിവസം വരെയും സമാധാനമായിട്ടൊന്ന് ഉറങ്ങിയിട്ടില്ല. നിത്യ രോഗിയായി വീട്ടിൽ തന്നെ ഒരേയിരിപ്പ്.
ഐടിഐയിൽ പഠിക്കാൻ പോയി മടങ്ങി വരുന്ന വഴിയാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ എസ്ഡിപിഐ പ്രവർത്തകർ എബിവിപിക്കാരനായ ശ്യാമിനെ വെട്ടിക്കൊല്ലുന്നത്. ഓട്ടോ ഡ്രൈവറായ അച്ഛന് ഇന്ന് ബൈക്കിന്റെ ശബ്ദമൊന്നുകേട്ടാൽ തന്നെ മകന്റെ ഓർമ്മയാണ്.
