കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മറ്റും തട്ടിയെടുത്ത കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ കാരപ്പറമ്പ് തവാട്ടു താഴേ പുഞ്ചിരി വീട്ടിൽ ഹൈനേഷ്(31) അത്തോളി കൊടശ്ശേരി കോമത്ത് വീട്ടിൽ നിജിൻ രാജ്(26) വെസ്റ്റ് ഹിൽ അത്താണിക്കൽ റീനാ നിവാസിൽ സുദർശ്(22) ബേപ്പൂർ ബി സി റോഡിൽ രചനാ വീട്ടിൽ ഹരിശങ്കർ ( 19 ) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച് മുസ് ലിയാർ വീട്ടിൽ റശീദ് (31) നേരത്തെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ഏഴാം തിയതി പുലർച്ച 4:30 നായിരുന്നു സംഭവം. മംഗലാപുരം സ്വദേശിയായ  അബ്ദുന്നാസർ ശംസാദിനെയാണ് തട്ടിക്കൊണ്ടു പോയി പണവും മറ്റും കവർന്നത്.  കേസിൽ പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച് മുസ്‌ലിയാർ വീട്ടിൽ റഷീദ് (33)  പിടിയിലായി. കഴിഞ്ഞ ശനിയാഴ്ച പുലർച്ച 4.30 നായിരുന്നു കരിപ്പൂരിൽ ഷാർജയിൽ നിന്നെത്തിയ അബ്ദുന്നാസർ ശംസാദിനെ റഷീദ് ഉൾപ്പടെ ഒമ്പതംഗ സംഘം തട്ടിക്കൊണ്ടു പോയി കവർച്ച ചെയ്തത്.

ഷാർജയിൽ നിന്നും കൂടെയുണ്ടായിരുന്ന യാത്രക്കാരനുമൊത്ത് ഓട്ടോയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ കൊട്ടപ്പുറം തലേക്കരയിൽ വെച്ച് ക്രൂയിസർ വാഹനത്തിലും ബൈക്കിലുമെത്തിയ ഒമ്പതംഗ സംഘം ഓട്ടോ തടഞ്ഞു നിർത്തി ബലമായി പിടിച്ചിറക്കി ചാലിയം ഭാഗത്തേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു. കവർച്ചാ സംഘം മുഖം മറച്ചിരുന്നതിനാൽ തിരിച്ചറിയാനുള്ള സൂചനയൊന്നുംലഭിച്ചിരുന്നില്ല. ഷാർജയിൽ നിന്നെത്തുന്ന യുവാവ് സ്വർണം കൊണ്ടുവരുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സംഘം ശംസാദിനെ തട്ടിക്കൊണ്ടു പോകുന്നത്. ആളുമാറിയതിനെ തുടർന്നു കൈയിലുണ്ടായിരുന്ന റിയാൽ ഉൾപ്പടെ 7,000 രൂപയും എ ടി എമ്മിൽ നിന്ന് 23,000 രൂപയും അപഹരിക്കുകയായിരുന്നു.