Asianet News MalayalamAsianet News Malayalam

മോഷണവും പിടിച്ച് പറിയും, ആകെ 20 കേസ്; പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം നാല് പേര്‍ പിടിയില്‍

മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് രീതി.  ഗോവയില്‍ പോയി സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കും. നിശാക്ലബുകളില് സന്ദര്‍ശിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വിലകൂടിയ വസ്ത്രങ്ങളും ഷൂകളും വാങ്ങിയും പണം തീ‍ര്‍ക്കാറാണ് സംഘത്തിന്‍റെ പതിവ്

four youths including two minor boys arrested for robbery in kozhikode
Author
Kozhikode, First Published Jan 5, 2021, 1:17 AM IST

കോഴിക്കോട്: നഗരത്തില്‍ മോഷണവും പിടിച്ച് പറിയും പതിവാക്കിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍. 18 വയസുള്ള രണ്ട് പേരും രണ്ട് കുട്ടികളുമാണ് പിടിയിലായത്. ഇരുപത് കേസുകളില്‍ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍, കുറ്റിച്ചിറ സ്വദേശി അര്‍ഫാന്‍, നടുവട്ടം, മുഖദാര്‍ സ്വദേശികളായ രണ്ട് കുട്ടികള്‍ എന്നിവരാണ് പിടിയിലായത്. 

വിവിധ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ ഹബ്ബുകളിലും മറ്റ് കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളിലും ഈ സംഘം അനേകം മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ബൈക്ക് മോഷണക്കേസുകളിലും പ്രതികളാണ്. പന്നിയങ്കര, കസബ, ചേവായൂര‍്, ടൗണ്‍, മെഡിക്കല്‍ കോളേജ്, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ഇരുപത് കേസുകള്‍ക്കാണ് തുമ്പുണ്ടായത്. കോഴിക്കോട് നഗര പരിധിയില‍് രാത്രിയില്‍ കുട്ടിക്കള്ളന്മാര്‍ ഉള്‍പ്പടെയുള്ള സംഘം മോഷണം നടത്തുന്നതായി പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിറ്റി ക്രൈം സ്ക്വാഡ് പതിനെട്ട് വയസായ രണ്ട് പേരേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയും പിടികൂടിയത്. അര്‍ഫാനാണ് ടീം ലീഡര്‍. നിയമത്തി‍ന്‍റെ പരിരക്ഷ കിട്ടുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തുക്കളെ അര്‍ഫാന്‍ മോഷണത്തിന് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് രീതി. 

ഗോവയില്‍ പോയി സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കും. നിശാക്ലബുകളില് സന്ദര്‍ശിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വിലകൂടിയ വസ്ത്രങ്ങളും ഷൂകളും വാങ്ങിയും പണം തീ‍ര്‍ക്കാറാണ് സംഘത്തിന്‍റെ പതിവ്. കാശ് തീരുന്നതോടെ വീണ്ടും മോഷണത്തിന് ഇറങ്ങും. വീട്ടുകാര്‍ അറിയാതെയാണ് സംഘത്തിന്‍റെ മോഷണം. വളരെ നേരത്തെ വീട്ടില്‍ കയറുകയും രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവീട്ടിറങ്ങി ബൈക്കുകളില്‍ കറങ്ങിയാണ് മോഷണം. കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജറാക്കിയ അര്‍ഫാനേയും അജ്മല്‍ ബിലാലിനേയും റിമാന്‍റ് ചെയ്തു.

Follow Us:
Download App:
  • android
  • ios