കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ ഫാൻസ് കൂട്ടായ്മയുണ്ടാക്കി തട്ടിപ്പ്. വാട്സാപ്പിലും ഫേസ്ബുക്കിലും ഫാൻസ് ഗ്രൂപ്പുണ്ടാക്കി അതിൽ പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടി. വിവാഹ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ഗ്രൂപ്പ് അഡ്മിൻ ജിബിൻ ബിജുവിനെതിരെ പൊലിസ് കേസെടുത്തു.

കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മയിൽ മുപ്പത്തി മൂവായിരത്തോളം പേർ അംഗളാണ്. എസ്പിയുടെ പേരിലുള്ള കൂട്ടായ്മ ആയതുകൊണ്ടു തന്നെ ഒത്തിരി അംഗങ്ങൾ അവരുടെ പരാതിയും ഈ ഗ്രൂപ്പിലൂടെ അറിയിക്കാറുണ്ട്.

ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിനായ ജിബിൻ ഇതിലുള്ള ചില അംഗങ്ങളെ ചേർത്ത് വാട്സാപ് ഗ്രൂപ്പുണ്ടാക്കി. എസ്പി യതീഷ് ചന്ദ്രയുടെ നമ്പറടക്കം ആഡ് ചെയ്തു. ഗ്രൂപ്പിലൂടെ ജിബിൻ യുവതിയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. യുവതിയോട് അടുപ്പം സ്ഥാപിച്ച് പിന്നീട് പണം ആവശ്യപ്പെട്ട് ശല്യം ചെയ്യൽ തുടർന്നതോടെ യുവതി എസ്പി യതീഷ് ചന്ദ്രയ്ക്ക് പരാതി നൽകി. പരാതിക്ക് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. 

എസ്പിയുടെ നിർദ്ദേശപ്രകാരം പാലക്കാട് സ്വദേശി ജിബിൻ ബിജുവിനെതിരെ ടൗൺ പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ ഇയാൾ നിരവധി പ്രമുഖ വ്യക്തികളുടെ പേരിൽ ഫേസ്ബുക്ക് കൂട്ടായ്മകൾ തുടങ്ങിയുണ്ടെന്ന് വ്യക്തമായി. ഇത്തരം ഗ്രൂപ്പുകളിൽ പെട്ട് ജനങ്ങൾ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പരാതികൾ സ്റ്റേഷൻ മുഖാന്തരം നൽകണമെന്നും ജില്ലാ പൊലീസ് അറിയിച്ചു.