കരിപ്പൂർ: സ്വർണ്ണക്കടത്തുകാരായ വിമാനയാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവരുന്ന സംഘം പൊലീസ് പിടിയിൽ. വയനാട് കബളക്കാട് സ്വദേശികളായ സബിൻ റാഷിദ്, സി.എ.മുഹ്സിൻ, കെ.എം ഫഹദ് എന്നിവരെയാണ് പിടികൂടിയത്.

സ്വർണ്ണവുമായി എത്തുന്നവരുടെ വിവരങ്ങൾ ഇവർക്ക് ചേർത്തിനൽകിയിരുന്നത് കള്ളക്കടത്ത് സംഘത്തിലെ തന്നെ സാബിൻ റഷീദാണെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസം നാലിനാണ് ഷാർജയിൽ നിന്നും കരിപ്പൂരിൽ വന്ന കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തിൽ നിന്ന് തട്ടികൊണ്ടു പോയ യുവാവിനെ മർദ്ദിച്ച് സ്വർണ്ണം കവർന്ന ശേഷം വഴിയിയിൽ തള്ളുകയായിരുന്നു.

ഈ സംഭവത്തിന്റെ സൂത്രധാരനടക്കം മൂന്നു പേരാണ് ഇന്ന് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. തട്ടിയെടുക്കുന്ന കള്ളക്കടത്ത് സ്വർണം വിറ്റ് കിട്ടുന്ന പണം കൊണ്ട് ഉത്തരേന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആർഭാട ജീവിതം നയിക്കുകയായിരുന്നു പ്രതികളുടെ രീതി. ഇവർ വയനാട്ടിൽ അനധികൃത റിസോട്ടുകൾ നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി.

മൈസൂരുവിൽ വച്ചാണ് സംഘം പൊലീസ് വലയിലായത്. ഈ സംഘത്തിലെ നാലുപേർ നേരത്തേ പിടിയിലായിരുന്നു. കള്ളക്കടത്ത് സംഘത്തിന്‍റെ വിശ്വസ്തനായ സാബിൻ റാഷിദാണ് ഇവർക്കുവേണ്ടി തട്ടിക്കാണ്ടുപോകൽ ആസൂത്രണം ചെയ്തിരുന്നത്. പെട്ടെന്ന് പണക്കാരനാവാനുള്ള ആഗ്രഹം തുടങ്ങിയതോടെ സാബിൻ ഒറ്റുകാരനായി മാറുകയായിരുന്നു.

സ്വർണവുമായി വരുന്ന ആളുമായുള്ള വിമാനം പറന്നുയർന്നാൽ ഉടൻ ഫോട്ടോയും പണം കൈപ്പറ്റാനുള്ള രഹസ്യ കോഡ് അടക്കമുള്ള വിവരങ്ങളും നാട്ടിലുള്ള മറ്റ് പ്രതികൾക്ക് സാബിൻ അയച്ച് കൊടുക്കുമായിരുന്നു. യഥാർത്ഥ ആളുകൾ എത്തും മുമ്പ് തന്നെ സാബിന്റെ കൂട്ടാളികൾ സ്വർണ്ണവുമായി വരുന്നയാളെ തിരിച്ചറിഞ്ഞ് ഒപ്പം കൂട്ടും. പിന്നീട് ഇയാളെ കാറിൽ കയറ്റി കൊണ്ടുപോയി ഭീഷണിപ്പെടുത്തി സ്വർണം കവർന്നശേഷം ശേഷം വഴിയിൽ തള്ളും.

കേസിൽ ഇനി രണ്ടുപേർ കൂടി ഇനിയും പിടിയിലാകാനുണ്ട്. ഇവരിൽ നിന്ന് വിമാന താവളം വഴി സ്വർണ്ണം കടത്തുന്ന സംഘങ്ങളെ കുറിച്ച് വിവരം കിട്ടിയെന്ന് പൊലീസ് പറഞ്ഞു.