അലിഗഢ്: ഉത്തര്‍പ്രദേശില്‍ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവിന് നേരെ പെണ്‍കുട്ടിയുടെ ആസിഡ് ആക്രമണം. അലിഗഢിലെ ജീവന്‍ഗഢിലാണ് യുവാവിന് നേരെ പെണ്‍കുട്ടി ആസിഡ് ഒഴിച്ചത്. പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആക്രമണത്തിനിരയായ ഫൈസാന്‍ എന്ന യുവാവുമായി ആറുമാസമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാം എന്ന് പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയ ഫൈസാന്‍ കഴിഞ്ഞ ഒരു മാസമായി ബന്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ഇയാള്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രണമണത്തിന് പിന്നാലെ ഫൈസാനെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കണ്ണിന് ഗുരുതര പരിക്കുകളുണ്ട്.

എന്നാല്‍ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടി നിരന്തരം ഫോണ്‍ വിളിക്കുമായിരുന്നെന്നും ഇത് നിരസിച്ചതു കൊണ്ടാണ് ആക്രമിച്ചതെന്നും ഫൈസാന്‍റെ മാതാവ് അറിയിച്ചു. ഐപിസി 326 എ പ്രകാരമാണ് പെണ്‍കുട്ടിയെ അലിഗഢ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.