കണ്ണൂര്‍: സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വലിയ വിവാദമായി തുടരുന്നതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ ഈ മാസം മൂന്നിലേറെ വട്ടമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടിയിരുന്നു.

ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് 730 ഗ്രാം സ്വർണം പിടികൂടിയത്. 35 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഈ മാസം എട്ടിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷത്തോളം രൂപ വില വരുന്ന 1096 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.

ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ ജി 9454 എന്നവിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഇതിന് തലേദിവസം ഒരു കിലോ 90 ഗ്രാം സ്വർണവുമായെത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടിയിരുന്നു.

ഇതിനിടെ കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസിലെ പുരുഷ ക്യാബിൻ ക്രൂ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം മിശ്രിത സ്വർണ്ണവും പിടികൂടി. ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന ഐ എക്സ് 1346 എന്ന വിമാനത്തിലെ ക്യാബിൻ ക്രൂവിനെ കോഴിക്കോട് ഡിആർഐ ആണ് പിടികൂടിയത്.