Asianet News MalayalamAsianet News Malayalam

വീട്ടുകാരെല്ലാം നബിദിന ആഘോഷത്തിൽ, ജനൽ കമ്പി അറുത്ത് വീട്ടിൽകയറി, 25 പവൻ കവർന്നു; കണ്ണൂരിൽ വൻ കവർച്ച

വീട്ടുകാർ പളളിയിലേക്ക് പോയ വിവരം കൃത്യമായി അറിയുന്നവരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

gold ornaments worth 25 lakh robbed in Kannur police start investigation vkv
Author
First Published Sep 30, 2023, 2:17 PM IST

പരിയാരം: കണ്ണൂർ പരിയാരത്ത് വൻ കവർച്ച. വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങളും പണവും രേഖകളും മോഷണം പോയി. വീട്ടുകാർ രാത്രിയിൽ നബിദിന പരിപാടികൾക്ക് പോയ സമയത്തായിരുന്നു കവർച്ച. ചിതപ്പിലെപൊയിൽ പളുങ്കുബസാറിലെ അബ്ദുളളയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണാഭരണങ്ങളും പതിനയ്യായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്ടാക്കള്‍ കൈക്കലാക്കി.  

അബ്ദുളളയും കുടുംബവും രാത്രി എട്ട് മണിയോടെ നബിദിന ആഘോഷ പരിപാടിക്ക് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.  വീടിന്‍റെ പുറകുവശത്തെ ജനലിന്‍റെ കമ്പി കട്ടർ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. അലമാര കുത്തിത്തുറന്ന മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ എത്തിയ ഭാഗത്തുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.

പൊലീസെത്തി സിസിടിവി പരിശോധിച്ചു. ഗ്യാസ് കട്ടർ കൊണ്ട് മുറിക്കുമ്പോഴുളള തീപ്പൊരി മാത്രം ദൃശ്യങ്ങളിൽ കാണാം. വീട്ടുകാർ പളളിയിലേക്ക് പോയ വിവരം കൃത്യമായി അറിയുന്നവരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Read More : സിസിടിവി കണ്ണടച്ചു, 25 കോടിയുടെ സ്വർണ്ണം, വജ്രം; ദില്ലിയെ ഞെട്ടിച്ച സിനിമാ സ്റ്റൈൽ കവർച്ച, ഒടുവിൽ ക്ലൈമാക്സ് !

അതിനിടെ കണ്ണൂർ  രാമന്തളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതർ കത്തിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ജല അതോറിറ്റി ജീവനക്കാരൻ ഷൈനേഷിന്‍റെ വീട്ടിലാണ് അതിക്രമം നടന്നത്. യുക്തിവാദി സംഘം പ്രവർത്തകൻ കൂടിയാണ് ഷൈനേഷ്. കഴിഞ്ഞ ദിവസം  അർധരാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. റെയിൻകോട്ടെന്ന് തോന്നുന്ന വസ്ത്രം കൊണ്ട് മറച്ചും ഹെൽമറ്റ് ധരിച്ചും ഒരാൾ വീട്ടുമുറ്റത്തെ ഷെഡിലേക്ക് വന്ന് കുപ്പിയിലുളള പെട്രോളൊഴിച്ച് ബൈക്കിന് തീയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പയ്യന്നൂർ പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios