തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ കടത്തു കേസിൽ അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക്. കസ്റ്റംസ് സൂപ്രണ്ടിന്റെയും രണ്ട് ഇൻസ്പെക്ടർമാരുടെയും വീട്ടിൽ ഡിആർഐ റെയ്ഡ് നടത്തി. കേസിലെ മുഖ്യ കണ്ണി അഭിഭാഷകനായ ബിജുവുമായി അടുത്ത ബന്ധമുള്ള സ്ത്രീയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിൻറെയും  സെറീന ഷാജിയുടെയും ബാഗിൽ നിന്ന്25 കിലോ സ്വർണം ഡിആർഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. വിമാനത്താവളത്തിനുള്ളിൽ കള്ളകടത്തുകാർക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആർഐക്ക് ഉണ്ടായിരുന്നു. പിടിലായവരുടെ മൊഴികളിൽ നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകളും ലഭിച്ചതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. 

കേസില്‍ സിബിഐയും വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ, കരാർ ജീവനക്കാർ എന്നിവരുടെ പങ്കാണ് അന്വേഷിക്കുന്നത്. സ്വ‍ർണം പുറത്തേക്ക് കടത്താൻ സഹായിക്കുന്ന ആറ് താൽക്കാലിക ജീവനക്കാർ നേരത്തെ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണ വേട്ടയിലേക്ക് നീങ്ങാനുള്ള വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചത്.  

സ്വർണ്ണ കള്ളകടത്തിൽ നിർണായക വിവരങ്ങള്‍ ലഭിക്കണമെങ്കിൽ ഒളിവിലുള്ള അഭിഭാഷകൻ ബിജുവിനെയും സഹായി വിഷ്ണുവിനെയും പിടികൂടണം. ഇതിനുള്ള ശ്രമത്തിലാണ് ഡിആർഐ. കോടിക്കണക്കിന് രൂപ നികുതി വെട്ടിച്ച് എത്തിച്ച സ്വർണം ആരൊക്കെ വാങ്ങി എന്നതിനെ കുറിച്ചും വിപുലമായ അന്വേഷണം വേണ്ടിവരും. അതിനിടെ ബിജുവുമായി ബന്ധമുള്ള സിന്ധു എന്ന സ്ത്രീയെ  ചോദ്യം ചെയ്ത ശേഷം ഡിആർഐ വിട്ടയച്ചു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.