Asianet News MalayalamAsianet News Malayalam

'വധശ്രമമെന്ന മൊഴി കളവ്', ആത്മഹത്യക്ക് ശ്രമിച്ച ഗൺമാൻ ജയഘോഷിന് സസ്പെൻഷൻ

ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൺമാൻ ജയഘോഷ് ഇന്ന് ആശുപത്രി വിട്ടു. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനാണ് ജയഘോഷിനെ സസ്പെൻഡ് ചെയ്തത്. യുഎഇ കോൺസുൽ ജനറൽ വിദേശത്തേക്ക് പോയിട്ടും കയ്യിലുണ്ടായിരുന്ന ആയുധമടക്കം ജയഘോഷ് തിരികെ ഏൽപിച്ചില്ല എന്നത് ചട്ടലംഘനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

gold smuggling case jayaghosh ex gunman of uae consulate suspended
Author
Thiruvananthapuram, First Published Jul 21, 2020, 7:24 PM IST

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ സസ്പെൻഡ് ചെയ്തു. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന്‍റെ പേരിലാണ് നടപടി. യുഎഇ കോൺസുൽ ജനറൽ വിദേശത്തേക്ക് പോയിട്ടും കയ്യിലുണ്ടായിരുന്ന ആയുധമടക്കം ജയഘോഷ് തിരികെ ഏൽപിച്ചില്ല എന്നത് ചട്ടലംഘനമാണെന്ന് നേരത്തേ ജയഘോഷിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ജയഘോഷിനെതിരെ വധശ്രമമുണ്ടായി എന്ന മൊഴി പൊലീസും വിശ്വാസത്തിലെടുക്കുന്നില്ല. ഇന്ന് ആശുപത്രി വിട്ട ജയഘോഷിന്‍റെ മൊഴി കേരളാ പൊലീസും രേഖപ്പെടുത്തിയിരുന്നു. 

കോൺസുൽ ജനറലും പിന്നീട് അറ്റാഷെയും ദുബായിലേക്ക് പോയ കാര്യം ഘോഷ് സ്പെഷ്യൽ ബ്രാഞ്ചിനെയോ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിനെയോ അറിയിച്ചില്ലെന്നതാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലെ മുഖ്യ കണ്ടെത്തൽ. സർവീസ് തോക്ക് മടക്കി നൽകാൻ ജയഘോഷും കോൺസുലേറ്റിൽ ജോലിയിലുണ്ടായിരുന്ന മറ്റൊരു ഗൺമാൻ അഖിലേഷും തയാറായില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഇരുവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാർശ ഉണ്ടായത്. 

അതേസമയം, ജയഘോഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും ശുപാർശയുണ്ട്. തിരുവനന്തപുരം സിറ്റി കൺട്രോൾറൂം ഡിവൈഎസ്പിയ്ക്കാണ് ജയഘോഷിനെതിരായ അന്വേഷണത്തിന്‍റെ ചുമതല. 

അതേസമയം, ജയഘോഷിന്‍റെ നിയമനം ഡിജിപി ഇടപെട്ട് നേരിട്ടായിരുന്നു നടത്തിയതെന്നതിൽ ബിജെപി സംശയമുന്നയിച്ചിരുന്നതാണ്. പൊലീസ് ആസ്ഥാനത്ത് ഡിജിപി നേരിട്ട് നിയന്ത്രിക്കുന്ന ടി-സെക്ഷനിൽ നിന്നാണ് ജയഘോഷിന്‍റെ നിയമന ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കോൺസുൽ ജനറലിന് 'X' കാറ്റഗറി സുരക്ഷ ഉള്ളതിനാലാണ് ഗൺമാനെ നിയമിച്ചതെന്നാണ് പൊലീസ് ഇതിന് നൽകുന്ന വിശദീകരണം.

സംശയമുന ഗൺമാനിലേക്കും?

സ്വർണം ഒളിപ്പിച്ച നയതന്ത്ര ബാഗ് കൈപ്പറ്റാൻ ഒന്നാം പ്രതി സരിത്ത് എത്തിയ വാഹനത്തിൽ ഗൺമാൻ ജയഘോഷും ഉണ്ടായിരുന്നെന്ന് എൻഐഎ കണ്ടെത്തിയത്. എന്നാൽ ബാഗിനുള്ളിൽ സ്വർണമാണെന്ന കാര്യം അറിയില്ലായിരുന്നെന്നാണ് ജയഘോഷ് നൽകിയ മൊഴി. 

ബാഗിൽ സ്വർണമായിരുന്നെന്ന കാര്യം അറിയില്ലായിരുന്നെന്നും പിന്നീട് മാധ്യമ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നുമാണ് അന്വേഷണ ഏജൻസിക്ക് ഘോഷ് നൽകിയ വിശദീകരണം. സ്വർണമെത്തിയ ദിവസങ്ങളിൽ സ്വപ്നയുമായും സരിത്തുമായും നടത്തിയ ഫോൺ സംഭാഷണങ്ങൾ തികച്ചും ഔദ്യോഗികം മാത്രമായിരുന്നെന്നും ഘോഷ് മൊഴി നൽകി. ബാഗേജ് ക്ലിയർ ചെയ്യുന്നതിലെ കാലതാമസത്തെ കുറിച്ചു മാത്രമാണ് സംസാരിച്ചതെന്നാണ് വാദം.

എന്നാൽ ഘോഷിന്‍റെ വാദങ്ങൾ എൻഐഎ പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഘോഷ് ആശുപത്രി വിട്ടാൽ ഉടൻ വിശദമായി ചോദ്യം ചെയ്യാനാണ് എൻഐഎ തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെ ജയഘോഷ് ആശുപത്രി വിട്ട സ്ഥിതിക്ക് ഉടൻ തന്നെ എൻഐഎ വീണ്ടും ചോദ്യം ചെയ്തേക്കും എന്നാണ് സൂചന.

Read more at: 'ബാഗിൽ സ്വർണമെന്ന് അറിഞ്ഞില്ല', എന്ന് ജയഘോഷ്, മുഴുവൻ വിശ്വസിക്കാതെ എൻഐഎ

Follow Us:
Download App:
  • android
  • ios