കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ തനിക്ക് ഒരു പങ്കുമുണ്ടായിരുന്നില്ലെന്ന് എൻഐഎയ്ക്ക് മൊഴി നൽകി യുഎഇ അറ്റാഷെയുടെ ഗൺമാൻ ജയഘോഷ്. പലപ്പോഴും താൻ കോൺസുലേറ്റിലേക്ക് പല ബാഗുകളും വാങ്ങി നൽകിയിരുന്നെന്നും എന്നാൽ ഇതിൽ സ്വർണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് ജയഘോഷ് എൻഐഎയോട് പറഞ്ഞത്. എന്നാൽ ഇത് പൂർണമായും വിശ്വസിക്കാൻ എൻഐഎയും കസ്റ്റംസും തയ്യാറല്ല. സ്വർണമടങ്ങിയ ബാഗ് പല തവണ കൊണ്ടുപോയ ജയഘോഷിലേക്ക് കൂടി അന്വേഷണം നീളുമെന്ന സൂചന തന്നെയാണ് എൻഐഎ വൃത്തങ്ങൾ നൽകുന്നതെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച ജയഘോഷ് ആശുപത്രിയിലാണ്. നയതന്ത്രബാഗ് വാങ്ങാൻ പോയ വാഹനത്തിൽ ജയഘോഷുമുണ്ടായിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു എൻഐഎ ജയഘോഷിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയത്.

എന്നാൽ കോൺസുലേറ്റ് വാഹനത്തിൽ സരിത്തിനൊപ്പമാണ് താൻ വിമാനത്താവളത്തിൽ പോയതെന്നും ഇതെല്ലാം നയതന്ത്രബാഗ് വാങ്ങാനെന്നാണ് താൻ കരുതിയതെന്നുമാണ് ജയഘോഷ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ പിന്നീട് സ്വർണക്കടത്ത് പുറത്തായി സരിത്ത് പിടിയിലാവുകയും വാർത്തകൾ പുറത്തുവരികയും ചെയ്തപ്പോഴാണ് ബാഗിൽ സ്വർണമെന്ന് താൻ അറിഞ്ഞതെന്നും, തനിക്കിതിൽ നേരിട്ട് ഒരു പങ്കുമില്ലെന്നുമാണ് ജയഘോഷ് പറയുന്നത്.

എന്നാൽ ജയഘോഷ് പല തവണ സരിത്തിനെയും സ്വപ്നയെയും വാർത്ത പുറത്തുവന്ന ശേഷം വിളിച്ചിട്ടുണ്ടെന്ന കോൾരേഖകൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാഗിൽ സ്വർണ്ണമായിരുന്നെന്ന് വാർത്തകൾ പുറത്തുവന്നത് കണ്ടപ്പോൾ ഇതെന്താണെന്നും, എന്താണ് സംഭവിച്ചതെന്നും ചോദിക്കാനാണ് താൻ സ്വപ്നയെ വിളിച്ചത് എന്നുമാണ് അന്വേഷണസംഘത്തിന് ജയഘോഷ് നൽകിയിരിക്കുന്ന മൊഴി.

എന്നാൽ ജയഘോഷ് പറഞ്ഞ പല മൊഴികളിലും തീയതികളിലും പൊരുത്തക്കേടുകളുണ്ട്. ഇതിൽ ഇനിയും വിശദീകരണം ആവശ്യമുണ്ട് താനും. അതിനാൽത്തന്നെ ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ജയഘോഷിന്‍റെ ഗൺമാൻ നിയമനത്തിലും എൻഐഎയ്ക്ക് സംശയമുണ്ട്. ജയഘോഷിന്‍റെ ആത്മഹത്യാശ്രമം ഒരു നാടകമാണോ എന്നും ഇതൊരു തിരക്കഥയുടെ ഭാഗമാണോ എന്നും എൻഐഎ സംശയിക്കുന്നു. നേരത്തേ കസ്റ്റംസും ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു. 

ആത്മഹത്യാശ്രമം നാടകമോ?

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഗൺമാനായിരുന്ന കുഴിവിള കരിമണൽ സ്വദേശി ജയഘോഷിനെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് പൊലീസ് തെരച്ചിൽ നടത്തിയപ്പോൾ കുടുംബവീടിന് സമീപത്തെ പറമ്പിൽ കൈഞരമ്പ് മുറിച്ച് രക്തം വാർന്ന് പോയ നിലയിൽ കിടക്കുകയായിരുന്നു ജയഘോഷ്. 

ഏതാനും ദിവസങ്ങളായി കടുത്ത മാനസികസംഘർഷത്തിലായിരുന്നു ജയഘോഷ് എന്ന് സഹജീവനക്കാർ പറയുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ജയഘോഷ് വൈകിട്ടോടെ തിരുവനന്തപുരം എ ആർ ക്യാമ്പിലെത്തി തന്‍റെ തോക്ക് തിരികെ ഏൽപിച്ചു. തുടർന്ന് കരിമണലിലെ കുടുംബവീട്ടിലേക്ക് ജയഘോഷിനെ സഹപ്രവർത്തകർ എത്തിച്ചു. അജ്ഞാതരായ രണ്ട് പേർ തന്നെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നാണ് ജയഘോഷ് വീട്ടുകാരോട് പറഞ്ഞത്. 

അന്ന് രാത്രി ഏഴ് മണിക്ക് ജയഘോഷിന്‍റെ ഫോണിലേക്ക് ഒരു കോൾ വരുന്നു. ഇതോടെ അസ്വസ്ഥനായ ജയഘോഷ് രാത്രി ഒമ്പത് മണിയോടെ പുറത്തിറങ്ങി. പിന്നീട് കാണാതായി. ബന്ധുക്കൾ തെരഞ്ഞിറങ്ങി. ഫലമില്ലാതായതോടെ സഹോദരൻ തുമ്പ പൊലീസിൽ പരാതി നൽകി. അപ്പോൾത്തന്നെ വീട്ടിലെത്തിയ പൊലീസ് ജയഘോഷ് പോയി എന്ന് കരുതുന്ന കുറ്റിക്കാട് വളർന്ന സ്ഥലത്തുകൂടി പോയി രാത്രി മുന്നോട്ട് പോകാനാകാതെ തെരച്ചിൽ നിർത്തി.

പിറ്റേന്ന് രാവിലെ തുമ്പ പൊലീസെത്തി വീണ്ടും തെരച്ചിൽ തുടങ്ങി. ഡോഗ് സ്ക്വാഡുമെത്തി തെരച്ചിൽ. ആക്കുളം കായലിന് സമീപമുള്ള മതിൽ വരെ നായ എത്തി തിരികെ വന്നു. ഇതോടെ ജയഘോഷ് ആക്കുളം കായലിൽ ചാടിയെന്ന സംശയമുയർന്നു. മുങ്ങൽ വിദഗ്ധരെ എത്തിക്കാൻ തീരുമാനമായി, ആ നടപടിക്രമങ്ങൾ തുടരുമ്പോൾ, വീട്ടിൽ നിന്ന് ഏതാണ്ട് 400 മീറ്റർ അകലെ കായലോരത്തെ കുറ്റിക്കാട്ടിൽ നിന്ന് രക്തമൊഴുകുന്ന നിലയിൽ ജയഘോഷ് ഇടറോഡിലേക്ക് ചാടി. പിന്നാലെ നാട്ടുകാർ ഓടിക്കൂടി. പൊലീസ് ഓടിയെത്തി ജയഘോഷിനെ ജീപ്പിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സ്വർണക്കടത്തിൽ ഒരു പങ്കുമില്ലെന്നും കൊണ്ടുപോകുംവഴി കരഞ്ഞുവിളിച്ചുകൊണ്ട് ജയഘോഷ് പറയുന്നു.

ഇങ്ങനെ നാടകീയമായ ഒരു രാപ്പകലിന് ശേഷമാണ് ജയഘോഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. എന്നാൽ ഇതെല്ലാം ഒരു തിരക്കഥയുടെ ഭാഗമാണോ എന്ന് എൻഐഎയ്ക്ക് സംശയമുണ്ട്. അതിനാലാണ് അന്വേഷണം ജയഘോഷിലേക്ക് നീളുന്നതും.