കൊച്ചി: തിരുവനന്തപുരം വഴി വൻസ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുടെ ചുരുളഴിച്ച് കസ്റ്റംസ്. സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായകരെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷൻസിലും ഇയാളും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് സന്ദീപ് നായർ. ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പങ്കെടുത്തത് വിവാദമായിരുന്നു. 

സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ഇന്ന് രാവിലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കസ്റ്റംസ് മാത്രമല്ല, രഹസ്യാന്വേഷണ ഏജൻസികളായ റോ, ഐബി എന്നിവയിലെ ഉദ്യോഗസ്ഥർ കൂടി എത്തിയാണ് സൗമ്യയെ ചോദ്യം ചെയ്യുന്നതെന്നാണ് ഞങ്ങളുടെ കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സന്ദീപിന്‍റെ കള്ളക്കടത്ത് ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഭാര്യ സൗമ്യ മൊഴി നൽകിയിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലുള്ള വലിയ റാക്കറ്റാണ് ഈ സ്വർണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സന്ദീപ് എവിടെയെന്നും അറിയില്ലെന്ന് തന്നെയാണ് സൗമ്യയുടെ മറുപടി.  

തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു സന്ദീപ്. സാമ്പത്തികനേട്ടം ഇയാളുണ്ടാക്കിയത് വളരെ പെട്ടെന്നാണ് എന്ന് ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെയാണ് മഹാരാഷ്ട്ര റജിസ്ട്രേഷനിൽ ഒരു ആഢംബര കാർ വാങ്ങിയത്. സന്ദീപിന് ദുബായ് ബന്ധങ്ങളും ഉണ്ടായിരുന്നു എന്നാണ് തിരുവനന്തപുരം ബ്യൂറോ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലും ദുബായിലേക്ക് ഇയാൾ യാത്ര ചെയ്തിട്ടുണ്ട്.

കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. സ്ഥാപനത്തിന്‍റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. ഇത് സ്പീക്കർ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

സ്വർണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. സന്ദീപാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്നതിന് വ്യക്തമായ സൂചനകൾ കസ്റ്റംസിനുണ്ട്. പോലീസും കസ്റ്റംസും ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.

2019 ഡിസംബര്‍ 31-നാണ് നെടുമങ്ങാട്ടുള്ള കാര്‍ബൺ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചു. പക്ഷെ ഇതിന്‍റെ പേരിലുള്ള വിവാദങ്ങൾ എല്ലാം സ്പീക്ക‌ർ തള്ളിക്കളയുകയും ചെയ്തു. 

സ്വപ്ന സുരേഷ് അപരിചിതയായിരുന്നില്ല എന്നാണ് സ്പീക്കർ എം ശ്രീരാമകൃഷ്ണൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരത്തുള്ള കാർബൺ ഡോക്ടർ എന്ന സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്വപ്ന സുരേഷ് നേരിട്ടെത്തി ക്ഷണിച്ചിരുന്നു. അവരെ തനിക്ക് പരിചയം യുഎഇ കോൺസുലേറ്റിന്‍റെ പ്രതിനിധിയെന്ന നിലയിലാണ്. യുഎഇ കോൺസുലേറ്റിന്‍റെ പ്രസ് സെക്രട്ടറിയായിരുന്ന ഇവരാണ് യുഎഇ ദിനാഘോഷത്തിനും ഇഫ്താർ വിരുന്നിനും ക്ഷണിച്ചിരുന്നത്. മറ്റൊരു രാജ്യത്തിന്‍റെ പ്രതിനിധിയെന്ന നിലയിൽ ആ ബഹുമാനം അവ‍‍ർക്ക് നൽകിയിരുന്നു. ഡിപ്ലോമാറ്റാണെന്ന് കരുതിയതിനാൽ പശ്ചാത്തലം അന്വേഷിച്ചതുമില്ല. തന്‍റെ മണ്ഡലത്തിലെ പ്രവാസികളുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട ഡബിൾ വെരിഫിക്കേഷൻ സംബന്ധിച്ചുള്ള പല പ്രശ്നങ്ങൾക്കും മലയാളി ഉദ്യോഗസ്ഥയെന്ന നിലയിൽ അവരെ വിളിച്ചിരുന്നുവെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.