കൊച്ചി/ തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ്. കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ തനിക്ക് വേറൊന്നും അറിയില്ല. തന്‍റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാർഗോ അയച്ചതെന്നും ആർക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടത്. സ്വപ്നയുടെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കോൺസുലേറ്റിൽ ജോലി ചെയ്തപ്പോഴൊക്കെ തന്‍റെ തൊഴിലിൽ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായി താൻ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം തൊഴിലിന്‍റെ ഭാഗമായിട്ടാണ്. 

താനിപ്പോൾ മാറി നിൽക്കുന്നത് ഭയം കൊണ്ടാണ്. അതല്ലാതെ തെറ്റ് ചെയ്തിട്ടല്ല. എന്താണ് തന്‍റെ റോൾ എന്ന് എല്ലാവരും അറിയണം. ഇതിൽ ബാധിക്കപ്പെടുക തന്‍റെ കുടുംബം മാത്രമാണ് - സ്വപ്ന സുരേഷ് പറയുന്നു.

സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയുടെ പൂർണരൂപം ഇങ്ങനെ:

''ഞാൻ സ്വപ്ന സുരേഷ്. യുഎഇയുടെ കോൺസുൽ ജനറലിന്‍റെ മുൻ സെക്രട്ടറി. നിലവിൽ സ്പേസ് പാർക്കുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിൽ ജോലി ചെയ്യുന്നു. മാധ്യമങ്ങളിൽ ഇപ്പോൾ വരുന്നത് യുഎഇ കോൺസുലേറ്റിന്‍റെ മറവിൽ സ്വർണക്കള്ളക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്നാണ്. എനിക്ക് എല്ലാവരോടും പറയാനുള്ള ഒരു കാര്യം, സ്വർണക്കള്ളക്കടത്ത് നടത്തിയതിൽ ഉത്തരവാദി ഞാനാണെന്ന് എല്ലാവരും പറയുന്നു. ഞാനൊരു ബോൺ ക്രിമിനലോ പ്രോസ്റ്റിറ്റ്യൂട്ടോ അല്ല. ഞാനങ്ങനെയൊന്നും ചെയ്തിട്ടില്ല. എനിക്കാ ഡിപ്ലോമാറ്റിക് കാർഗോയിൽ വന്ന സ്വർണത്തിൽ ഒരു പങ്കുമില്ല. ഇത് വന്ന് ഇറങ്ങിയതിന്‍റെ പിറ്റേന്ന് ഇതാരുടെ പേരിലാണോ വന്നത് അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു ഇങ്ങനെ ഒരു കാർഗോ ഉണ്ട്, അത് ക്ലിയറായിട്ടില്ല, അത് അന്വേഷിക്കണം എന്താണിത്ര ഡിലേ എന്ന്. ഞാൻ അന്വേഷിച്ചു. രാമമൂർത്തി എന്ന് പറയുന്ന എസിയെ വിളിച്ച് ചോദിച്ചു. ആ ഡിപ്ലോമാറ്റ് ആകെ വറീഡാണ് അത് ക്ലിയർ ചെയ്യാമോ എന്ന് ചോദിച്ചു. I will take it up maa'm എന്ന് മാത്രം അവര് പറഞ്ഞു. ഫോൺ കട്ട് ചെയ്തു. കാർഗോയുമായി എനിക്കൊരു ബന്ധവുമില്ല. അവിടെ ഞാൻ ജോലി ഒരിക്കലും ചെയ്തിട്ടുമില്ല. കോൺസുൽ ജനറലിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ മാത്രമാണ് ഞാൻ മുമ്പും ചെയ്തിട്ടുള്ളത്. അതിന്‍റെ ഭാഗമായി ഉയർന്ന നിരവധി ആളുകളുമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്.  

എനിക്കും കുടുംബത്തിനുമെതിരെ പല തരത്തിലുള്ള ആരോപണങ്ങളാണ് വരുന്നത്. പുരുഷൻമാരുടെ കൂടെ ഞാൻ നൈറ്റ് ക്ലബിൽ കയറിയിറങ്ങി നടക്കുന്നു എന്നൊക്കെയാണ്. തിരുവനന്തപുരത്ത് ഏത് നൈറ്റ് ക്ലബാണുള്ളത്? ഞാൻ ഏതെങ്കിലും പ്രമുഖന്‍റെ കൂടെ കയറിയിറങ്ങിയെന്ന് തെളിയിക്കാമോ? നിങ്ങളോരോ ദിവസവും ഓരോ മന്ത്രിമാരെ ഉപയോഗിക്കും, അവരോടൊക്കെ ബന്ധപ്പെട്ടത് ജോലിയുടെ ഭാഗമായി മാത്രമാണ്. 

ഇതിൽ നഷ്ടം എനിക്ക് മാത്രമാണ്. ബാക്കിയെല്ലാവരും സുഖമായി ജീവിക്കും. തിരികെ വരും. ഡിപ്ലോമാറ്റിക് പരിപാടികളിൽ ഞാൻ പങ്കെടുത്തതൊക്കെ ജോലിയുടെ ഭാഗമായിട്ടാണ്. മന്ത്രിമാർക്കൊന്നും എന്നെ ഓർമ പോലും കാണില്ല. കോൺസുൽ ജനറലിന്‍റെ സെക്രട്ടറിയെ ആരാണ് ഓർക്കുന്നത്. എല്ലാ തരത്തിലും നഷ്ടം എനിക്ക് മാത്രമാകും'', സ്വപ്ന സുരേഷ് പറയുന്നു. 

തത്സമയസംപ്രേഷണം: