വീട്ടുകാര്‍ ഗേറ്റിന് അടുത്ത് വന്ന് ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ച വരവ് കാണുന്നതിനിടെ മോഷണം. കാസര്‍കോട് മീപ്പുഗിരിയിലെ ലോകേഷിന്‍റെ വീട്ടില്‍ നിന്ന് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്.

കാസര്‍കോട്: വീട്ടുകാരെല്ലാം മുറ്റത്ത് നിൽക്കെ വീട്ടിനുള്ളില്‍ മോഷണം (Theft). കാസര്‍കോട് മീപ്പുഗിരിയിലെ ലോകേഷിന്‍റെ വീട്ടില്‍ നിന്നാണ് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയത്. ഉദയഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കാഴ്ച വരവ് കാണാനായി വീട്ടുകാരെല്ലാം ഗേറ്റിന് സമീപത്തേക്ക് വന്ന സമയത്താണ് മോഷണം നടന്നത്.

മീപ്പുഗിരിയിലെ കെ ലോകേഷിന്‍റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി ഉദയഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ കാഴ്ചവരവിനിടെയാണ് സംഭവം. കാഴ്ച വരവ് കാണാനായി വീട്ടുകാരെല്ലാം ഗേറ്റിന് സമീപത്തേക്ക് വന്നിരുന്നു. ഈ സമയം വീട് തുറന്നിട്ട നിലയിലായിരുന്നു. നാല് മാല, രണ്ട് ലോക്കറ്റ്, 13 സെറ്റ് കമ്മല്‍, അഞ്ച് സെറ്റ് വള മറ്റ് ആഭരണങ്ങള്‍ ഉള്‍പ്പടെ 12 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. 

സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടുമായും സമീപ പ്രദേശവുമായും നല്ല പരിചയമുള്ളവരായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. 

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം അടക്കം കവര്‍ച്ച ചെയ്തു

കാരക്കോണം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച. ശിവേലി വിഗ്രഹം ഉൾപ്പെടെ മോഷണം പോയി. ശ്രീകോവിൽ കുത്തിതുറന്നായിരുന്നു മോഷണം.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം ക്ഷേത്രത്തിലെ സിസിടിവി ക്യാമകൾ അടിച്ച് തകർത്തതിനു ശേഷമാണ് ശ്രീകോവിലും ഓഫിസും കുത്തിതുറന്നത് ശ്രീകോവിലിനുളളിൽ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹമാണ് കവർന്നത്. ഓഫീസിൽ നിന്ന് വെള്ളിവിളക്ക് ഉൾപ്പെടെ വിളക്കുകളും കവർന്നു. ഏകദേശം രണ്ടര ലക്ഷം രൂപയോളം വിലവരുന്ന വിഗ്രഹവും വിളക്കുകളുമാണ് നഷ്ടപ്പെട്ടത്. 26ാം തിയതി ഉത്സവം തുടങ്ങാനിരിക്കെയാണ് സംഭവം.

കഴിഞ്ഞ ദിവസം വെള്ളറട കിളിയൂർ ഉണ്ണിമിശിഹാ പള്ളിയിലും സമാനമായി കവർച്ച നടന്നിരുന്നു. പള്ളിപ്പണിക്കായി സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയാണ് വെള്ളറടയിൽ നിന്ന് കവർന്നത്. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. രണ്ട് കേസുകളിലും വെള്ളറട സിഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.