ഏറ്റുമാനൂരില് ഹോട്ടലില്‍ ഗുണ്ടാ ആക്രമണം.മദ്യപിച്ചെത്തിയ രണ്ട് പേരാണ് ഭക്ഷണം ചോദിച്ച ശേഷം ഹോട്ടലുടമയെ മര്‍ദ്ദിച്ച് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണവുമായി കടന്നത്.

കോട്ടയം: ഏറ്റുമാനൂരില് ഹോട്ടലില്‍ ഗുണ്ടാ ആക്രമണം.മദ്യപിച്ചെത്തിയ രണ്ട് പേരാണ് ഭക്ഷണം ചോദിച്ച ശേഷം ഹോട്ടലുടമയെ മര്‍ദ്ദിച്ച് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണവുമായി കടന്നത്. അക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി

ഏറ്റുമാനൂര്‍ താരാ ഹോട്ടലില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് അക്രമം നടന്നത്. മദ്യപിച്ചെത്തിയ രണ്ടുപേർ ഭക്ഷണം ചോദിച്ച് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 11 മണിക്ക് കട അടയ്ക്കുകയാണന്ന് പറഞ്ഞതോടെ ഇവർ ഇറങ്ങിപ്പോയ ശേഷം വീണ്ടും എത്തി അക്രമം അഴിച്ചുവിട്ടു. 

കടയുടമ രാജു താരയേയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയാണ് സംഘം പോയത്. എതിർക്കാൻ ശ്രമിച്ച ജീവനക്കാരനേയും ഉടമയേയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മർദ്ദിച്ചു. ക്യാഷ് കൗണ്ടറില്‍ നിന്ന് പണം പിടിച്ചെടുത്തു. 

ജീവനക്കാരന് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോട്ടലിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഏറ്റുമാനൂർ പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.