പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് യുവാവിനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി  അന്വേഷണം തുടങ്ങി.

ദില്ലി: ദില്ലിയില്‍ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. വടക്കുകിഴക്കൻ ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. സംഭവത്തില്‍ ആശുപത്രിയിലെ പ്യൂണായ 25 വയസുകാരനെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ആശുപത്രിയിലെത്തിയ പെണ്‍കുട്ടി താന്‍ വന്ന വിവരം യുവാവിനെ അറിയിച്ചു. യുവാവ് പെണ്‍കുട്ടിയെ ആശുപത്രിയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ആശുപത്രിയില്‍ നിന്ന് മുങ്ങി. തുടര്‍ന്ന് പെണ്‍കുട്ടി ജിടിബി എൻക്ലേവ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്‍കുകയായിരുന്നു.

 പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് യുവാവിനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഉടനെ പ്രതിയെ പിടികൂടുമെന്നും പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More :  17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു; മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ

അതേസമയം ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യമുമായി മധ്യപ്രദേശ് മന്ത്രി രംഗത്തെത്തി. ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്നാണ് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂർ പറഞ്ഞത്. ഖണ്ട്വ ജില്ലയിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് താക്കൂറിന്റെ പ്രസ്താവന. ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണം. അപ്പോൾ അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ആരും ധൈര്യപ്പെടില്ലെന്ന് മന്ത്രി പറഞ്ഞു. 

"ഇത്തരം ക്രൂരമായ പ്രവൃത്തികളോട് മധ്യപ്രദേശ് സർക്കാർ കർശനമായും ജാഗ്രതയോടെയും ഇടപെടുന്നു. ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണിത്. ഇതുവരെ 72 കുറ്റവാളികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്," ടൂറിസം സാംസ്‌കാരിക മന്ത്രിയായ ഉഷാ താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അതിനു ശേഷവും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ അത് സമൂഹത്തിനും ജനാധിപത്യത്തിന്റെ ഫോർത്ത് എസ്റ്റേറ്റായ മാധ്യമങ്ങൾക്കും നമുക്കെല്ലാവർക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അവർ പറഞ്ഞു.