കളമശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജയ് സരസനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 55 വയസ്സായിരുന്നു.
കലവൂർ: ആലപ്പുഴ ചെറിയ കലവൂരിൽ പൊലീസുകാരനെ ഹോംസ്റ്റേയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജയ് സരസനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് അജയ് സരസൻ ഹോം സ്റ്റേയിൽ റൂം എടുത്തത്. ഇന്ന് വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും അജയ് സരസനെ പുറത്ത് കാണാതിരുന്നതോടെ ഹോം സ്റ്റേ ജീവനക്കാർ മുറിയിൽ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് കുടുംബപ്രശ്നങ്ങൾ ഉള്ളതായാണ് പൊലിസ് പറയുന്നത്.
നേരത്തെ പൊലീസ് സേനാംഗങ്ങളിൽ വർധിച്ചുവരുന്ന ആത്മഹത്യ തടയാൻ സേനയുടെ അംഗബലം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടിരുന്നു. ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എ.ഐ. തുടങ്ങിയ സാങ്കേതികവിദ്യകൾ ലഭ്യമായിട്ടും പൊലീസിലെ പല കാര്യങ്ങളും പരമ്പരാഗതമായ രീതിയിലാണ് നടക്കുന്നതെന്ന് കമ്മീഷൻ സർക്കാരിന് നൽകിയ വിശദമായ ഉത്തരവിൽ വിശദമാക്കിയത്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതും മാനവിക വിരുദ്ധവുമായ കൊളോണിയൽ കാലത്തെ ശേഷിപ്പുകൾ പൊലീസ് സേനയിൽ അവസാനിപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. സേനാംഗങ്ങൾക്കിടയിലെ ആത്മഹത്യയെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


