ഇടുക്കി: ഗുണ്ടുമല കൊലപാതകം നടന്ന് ഒരുമാസം പിന്നിടുമ്പോഴും കേസിലെ ചുരുളഴിക്കാനാവാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. ഫോറന്‍സിക് പരിശോധന ഫലം വൈകുന്നതാണ് പൊലീസിന് മുന്നിലെ പ്രതിസന്ധി. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഗുണ്ടുമല എസ്റ്റേറ്റിലെ എട്ടുമുറി ലയണ്‍സില്‍ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി അന്‍പരസിയെ കഴുത്തില്‍ കയറുകുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഊഞ്ഞാലാടുന്നതിനിടെ കയര്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി നിരവധിതവണ പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ നേത്യത്വത്തില്‍ മൂന്നാര്‍, രാജക്കാട്, ഉടുമ്പുംചോല എന്നിവിടങ്ങളിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരടങ്ങുന്ന 11 അംഗ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിച്ചു. 

ഒരുമാസത്തോളം എസ്‌റ്റേറ്റില്‍ താമസിച്ച് സംഘം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോറന്‍സിക് വിദഗ്ദരുടെ സംഘം എസ്‌റ്റേറ്റിലെത്തി പരിശോധനകള്‍ നടത്തിയെങ്കിലും ഫലം വൈകുന്നത് കേസന്വേഷണത്തിന് തിരിച്ചടിയായിരിക്കുകയാണ്. പ്രതികളെ കുറിച്ചുള്ള സൂചനകള്‍പോലും പൊലീസിന് ഇതുവരെയും ലഭിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.