ദില്ലി: വ്യാഴാഴ്ച ആത്മഹത്യ ചെയ്ത അറ്റ്ലസ് സൈക്കിള്‍ കമ്പനി ഉടമ സഞ്ജയ് കപൂറിന്‍റെ ഭാര്യ നടാഷ കപൂറിന്‍റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അരപ്പേജ് വരുന്ന ആത്മഹത്യാകുറിപ്പാണ് നടാഷയുടെ പൂജാമുറിയില്‍ നിന്നാണ് കണ്ടെടുത്തത്.  ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു. അതിലുള്ള നാണക്കേടിലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ഇതിനാരും ഉത്തരവാദികളല്ല. എനിക്ക് സ്വയം ലജ്ജ തോന്നി. സഞ്ജയ്, മോനേ, മോളെ.. നിങ്ങളെയെല്ലാം ഞാന്‍ വല്ലാതെ സ്‌നേഹിക്കുന്നു..' എന്നിങ്ങനെയാണ് ആത്മഹത്യാകുറിപ്പില്‍ കുറിച്ചിരിക്കുന്നത്. 

എന്നാല്‍ നടാഷ തന്നെയാണോ ഇത് എഴുതിയതെന്ന് വ്യക്തമല്ല. കൂടുതല്‍ പരിശോധകള്‍ക്കായി ആത്മഹത്യാകുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 57 കാരിയായ നടാഷയുടെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ദില്ലി പോലീസിനും ലഭ്യമായിട്ടില്ല. ലൂട്യന്‍സ് ഡല്‍ഹിയില്‍ ഔറംഗസേബ് ലെയ്‌നിലെ വീട്ടില്‍ ചൊവ്വാഴ്ചയാണ് നടാഷയുടെ മൃതദേഹം കണ്ടെടുത്തത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മകന്‍ സിദ്ധാന്ത് ആണ് ആദ്യം കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ആത്മഹത്യ സമയത്ത് നടാഷയുടെ ഭര്‍ത്താവ് സഞ്ജയ് വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മകന്‍ സിദ്ധാര്‍ത്ഥും മകളും വീട്ടിലുണ്ടായിരുന്നു. ഡൈനിംഗ് ടേബിളിലേക്ക് ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ നടാഷയെ മകന്‍ വിളിച്ചിരുന്നു എന്നാല്‍ പ്രതികരണമൊന്നും ഉണ്ടായില്ല. അതിന് ശേഷം കുറച്ച് കഴിഞ്ഞും അമ്മയെ പുറത്ത് കാണാതായതോടെ സിദ്ധാര്‍ത്ഥ് ഇവരുടെ റൂമിന് മുന്നില്‍ എത്തി. 

റൂമില്‍ മുട്ടിവിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ഡോര്‍ തുറന്ന് അകത്ത് കടന്ന മകന്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന അമ്മയെയാണ് കണ്ടത്. വേലക്കാരുടെ സഹായത്തോടെ ഉടന്‍ താഴെയിറക്കി സിപിആര്‍ നല്‍കി. ഉടന്‍ അടുത്ത ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.