കൊച്ചി: ഭക്ഷണശാലയുടെ ശുചിമുറിയിൽ ഒളി ക്യാമറ. സംഭവത്തിൽ ഒരു ജീവനക്കാരനെ അറസ്റ്റു ചെയ്തു. പാലാരിവട്ടം ചിക്കിങ്ങിലാണ് സംഭവം. വൈകിട്ട് നാലു മണിയോടെ പാലാരിവട്ടം ചിക്കിങ്ങിലെ ശുചിമുറിയിലാണ് ഒളി ക്യാമറ കണ്ടെത്തിയത്. ജീവനക്കാരനായ പാലക്കാട് സ്വദേശി വേൽ മുരുകനാണ് അറസ്റ്റിലായത്. 

ഇവിടെയെത്തിയ കുടുംബത്തിലെ പെൺകുട്ടികളിൽ ഒരാൾ ശുചിമുറി ഉപയോഗിക്കാൻ കയറിയപ്പോഴാണ് മൊബൈൽ ഫോണിൽ വീഡിയോ ക്യാമറ ഓൺ ചെയ്തുവച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പെൺകുട്ടി മാതാപിതാക്കളെയും ജീവനക്കാരെയും വിവരം അറിയിച്ചു. 

ഈ സമയം വേൽമുരുകനും മറ്റൊരാളും മുറിയിൽ കയറി വാതിലടച്ചു. കുറച്ച് സമയത്തിനകം പുറത്തിറങ്ങിയ ഇവർ സംഭവം നിഷേധിച്ചതോടെ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പാലാരിവട്ടം പൊലീസ് എത്തിയാണ് വേൽമുരുകനെ കസ്റ്റഡിയിലെടുത്തത്. 

ഇയാളുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുത്ത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ സ്ഥാപനത്തിൽ എത്തിയ മാധ്യമങ്ങളെ തടയനും ശ്രമമുണ്ടായി.