Asianet News MalayalamAsianet News Malayalam

'സുപ്രീംകോടതിയിൽ പോയ മന്ത്രി പോലും അറസ്റ്റിലായി', ആഞ്ഞടിച്ച് ഹൈക്കോടതി

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിലും പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തുന്നത്. മുൻകൂർ ജാമ്യഹർജി നൽകിയെന്ന് വച്ച് അറസ്റ്റ് ചെയ്യുന്നതിലെന്താണ് തടസ്സമെന്ന് കോടതി. 

high court slams police in psc exam sacm and university college murder attempt
Author
Kochi, First Published Aug 22, 2019, 1:16 PM IST

കൊച്ചി: മുൻ എസ്എഫ്ഐ പ്രവർത്തകർ പ്രതികളായ യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിലും പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. 'മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയിൽപ്പോയ മുൻ കേന്ദ്രമന്ത്രിയടക്കം അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാൻ പൊലീസ് മടിക്കുന്നതെന്തിന്?', കോടതി ചോദിച്ചു. സമാനമായ സംഭവം ചെയ്തത് മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ആൾ ആണെങ്കിൽ പോലീസ് ഈ സമീപനം തന്നെ ആയിരിക്കുമോയെന്നും ഹൈക്കോടതി ചോദിച്ചു. വധശ്രമക്കേസിലെ പ്രതിയായ അമറിന്‍റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കടതിയുടെ രൂക്ഷവിമർശനം. 

കുറ്റത്തിന്‍റെ ഗൗരവമാണ്, അല്ലാതെ സാങ്കേതികതയല്ല കണക്കിലെടുക്കേണ്ടതെന്ന് കോടതി പൊലീസിനോട് പറഞ്ഞു. തുടർന്നാണ് ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ പി ചിദംബരത്തിന്‍റെ ഉദാഹരണം, പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ചൂണ്ടിക്കാട്ടിയത്. 

അമറിനെ സമൂഹത്തിൽ തുറന്നു വിടുന്നത് ആപത്താണെന്നും കോടതി പറഞ്ഞു. സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ എന്തുകൊണ്ടാണ് ഇനിയും അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു. 

ഇതിന് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ തന്നെ പ്രതികളായ പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിച്ചത്. കേസിലെ നാലാംപ്രതി സഫീറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പിഎസ്‍സിക്കെതിരെയും കോടതി തുറന്നടിച്ചു. സമൂഹത്തിൽ പിഎസ്‍സിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഉന്നത ബന്ധങ്ങൾ ഉള്ളവർക്കു ചോദ്യ പേപ്പറും ഉത്തരവും ഉയർന്ന മാർക്കും ലഭിക്കുന്ന അവസ്ഥയാണ്. 

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ എത്തിയതെങ്ങനെയെന്ന് കോടതി ചോദിച്ചു. മൊബൈൽ എങ്ങനെയാണ് ഒരു മത്സരപ്പരീക്ഷയിൽ അനുവദനീയമാവുക? ഇങ്ങനെയാണോ പരീക്ഷ നടത്തേണ്ടത്? മുൻകൂർ ജാമ്യാപേക്ഷയുണ്ടെന്ന് കരുതി അറസ്റ്റിന് തടസ്സമല്ലെന്ന് കോടതി ഈ കേസിലും സൂചിപ്പിച്ചു. 

പിഎസ്‍സിയുടെ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ മുൻ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിച്ചിരുന്നു. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികൾ ശ്രമിച്ചത്.

പിഎസ്‍സി നടത്തിയ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ശിവരഞ്ജിത്തും നസീമും ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഉള്ളത്. ഇവിടെയെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യൽ. 

ചോദ്യപേപ്പർ ചോർത്തി എസ്എംഎസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് സംശയരഹിതമായി തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാകണം. പക്ഷെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് മൊബൈൽ ഫോണിൽ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. 

ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകള്‍ കണ്ടെത്തുക എന്നത് ഏറെ നിർണായകമാണ്. ഈ ഫോണുകളിൽ നിന്നാണ് ഫോറൻസിക് പരിശോധനയിലൂടെ പ്രധാനതെളിവുകള്‍ കണ്ടെത്തേണ്ടത്. അറസ്റ്റ് നീണ്ടുപോകുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നു പ്രതികളുടെ വീടുകളിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്തിയില്ല. 

പരീക്ഷാ ക്രമക്കേട് ആദ്യം കണ്ടെത്തിയത് പിഎസ്‍സി വിജിലൻസാണ്. രഹസ്യമായി വിവരം പൊലീസിന് കൈമാറി കേസെടുത്ത് പ്രതികളെ കൈയ്യോടെ പിടികൂടുന്നതിന് പകരം വിവരം പുറത്തായതും പ്രതികള്‍ക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി. പരീക്ഷാ ഹാളിനുള്ളിലും പ്രതികള്‍ മൊബൈലോ സ്മാർട്ട് വാച്ചോ ഉപയോഗിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും കണ്ടെത്തേണ്ടതുണ്ട്. 

Follow Us:
Download App:
  • android
  • ios