സ്കൂളിലെ എട്ടു മുതൽ പത്താം ക്ലാസിൽ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതിക്രമം സംബന്ധിച്ച് സ്കൂള്‍ പ്രിന്‍സിപ്പലിന് പരാതി നൽകുകയായിരുന്നു
ഷിംല: സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മാത്തമാറ്റിക്സ് അധ്യാപകനാണ് അറസ്റ്റിലായത്. സ്കൂളിലെ എട്ടു മുതൽ പത്താം ക്ലാസിൽ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതിക്രമം സംബന്ധിച്ച് സ്കൂള്‍ പ്രിന്‍സിപ്പളിന് പരാതി നൽകുകയായിരുന്നു.
തുടര്‍ന്ന് പൊലീസിൽ വിവരം അറിയിച്ചു. തുടര്‍ന്നാണ് അധ്യാപകനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അധ്യാപകനെ ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ ഡിഡിഇക്ക് നിര്‍ദേശം നൽകി. സ്കൂളിൽ നേരിട്ട് പോയി കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴിയെടുത്ത് വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളിൽ സമര്‍പ്പിക്കാനും നിര്‍ദേശം നൽകി.
അധ്യാപകൻ വിദ്യാര്‍ത്ഥിനികളുടെ ശരീരത്തിൽ സ്പര്‍ശിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. പരാതി ലഭിച്ചശേഷം സ്കൂളിലെ ആഭ്യന്തര സമിതി പരിശോധിച്ച് രക്ഷിതാക്കളുടെ യോഗം ചേരുകയായിരുന്നു. തുടര്‍ന്നാണ് പൊലീസിൽ പരാതി നൽകിയത്. പോക്സോ വകുപ്പ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. സ്കൂളിൽ നടന്ന ശിക്ഷ സംവാദ് പരിപാടിക്കിടെയാണ് സംഭവം.
അതേസമയം, സംഭവത്തിൽ അഖില ഭാരതീയ മഹിളാ ജൻവാദി സമിതി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും സിര്‍മൗര്‍ അഡീഷണൽ പൊലീസ് സൂപ്രണ്ട് യോഗേഷ് റോല്‍ട പറ‍്ഞു. വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുത്തെന്നും തെളിവെടുപ്പ് നടത്തിയെന്നും യോഗേഷ് അറിയിച്ചു.



