2025-ൽ വി ഡി സതീശൻ മുന്നോട്ടുവെച്ച 'പ്ലാൻ 63' നെക്കുറിച്ചുള്ള പഴയ വാർത്ത വൈറലാകുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 63 സീറ്റുകൾ നേടിയതോടെ, സതീശന്റെ ദീർഘവീക്ഷണത്തെ പ്രശംസിച്ച് അദ്ദേഹത്തിന്റെ അനുയായികൾ മുഖ്യമന്ത്രി സ്ഥാനത്തിനായി വാദിക്കുകയാണ്.
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ കോൺഗ്രസിൽ തര്‍ക്കം തുടരുമ്പോൾ 2025 ജനുവരി 23ന് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഒരു വാർത്ത വൈറലാകുന്നു. 'സതീശന്റെ 'പ്ലാൻ 63'ന് ഹൈക്കമാൻഡ് പിന്തുണ, നിലപാടറിയിച്ച് സതീശൻ' എന്ന വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സതീശൻ 2025ല്‍ തന്നെ കോണ്‍ഗ്രസിന് 63 സീറ്റ് എന്ന ലക്ഷ്യം മനസിൽ കണ്ടിരുന്നു 2026ല്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോണ്‍ഗ്രസിന് 63 സീറ്റ് തന്നെയാണ് ലഭിച്ചതെന്നുള്ളതാണ് ശ്രദ്ധേയം.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ 'പ്ലാൻ 63'ന് ഹൈക്കമാൻഡ് പിന്തുണ എന്നായിരുന്നു അന്നത്തെ വാർത്ത. പുതിയ തന്ത്രത്തിനെതിരെ പാർട്ടിക്കുളളിലെ ചില ഭാഗങ്ങളിൽ നിന്നും എതിർപ്പുയർന്നെങ്കിലും വകവെക്കാതെ മുന്നോട്ട് പോകാനുള്ള നിർദ്ദേശമാണ് സതീശന് ഹൈക്കമാൻഡിൽ നിന്ന് അന്ന ലഭിച്ചതെന്നാണ് വിവരം. വി ഡി സതീശനും തന്റെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. 2001ൽ കോൺഗ്രസ് നേടിയതാണ് 63 സീറ്റുകളെന്നും അത് നിലനിർത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിയൂവെന്നാണ് അന്ന് സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചത്.
21 സിറ്റിംഗ് സീറ്റടക്കം കോൺഗ്രസിന് ജയിക്കാവുന്ന 63 സീറ്റുകളിലെ തന്ത്രങ്ങളായിരുന്നു അന്ന് വി ഡി സതീശൻ രാഷ്ട്രീയകാര്യ സമിതിൽ ഉന്നയിച്ചിരുന്നത്. കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ ഇതിനെതിരെ വലിയ വിമർശനവും ഉയർന്നു. ഇതാര് എവിടെ ചർച്ച ചെയ്ത് തീരുമാനിച്ചെന്ന് പറഞ്ഞായിരുന്നു രാഷ്ട്രീയകാര്യസമിതിയിൽ എ പി അനിൽകുമാർ പൊട്ടിത്തെറിച്ചത്. ഒറ്റക്ക് തീരുമാനമെടുക്കുന്ന ശൈലിയുടെ ഭാഗമായാണ് സതീശന്റെ പ്ലാൻ 63 എന്നായിരുന്നു അന്നത്തെ എതിർചേരിയുടെ പ്രധാന വിമർശനം.
16 മാസം മുമ്പേ വി ഡി സതീശൻ ഇങ്ങനെ ഒരു 63ന്റെ പദ്ധതി തയ്യാറാക്കി, ഹൈക്കമാൻഡിനെ അറിയിച്ചെങ്കിൽ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിനും സംഘടന മികവിനും ലീഡർഷിപ്പിനും കയ്യടിക്കണം എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സതീശൻ അനുകൂലികളുടെ ആഹ്വാനം. ഒപ്പം മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും അര്‍ഹൻ വി ഡി തന്നെയാണെന്നും ഈ വാര്‍ത്ത പങ്കുവെച്ച് സതീശൻ അനുകൂലികൾ അവകാശപ്പെടുന്നു.


